നാളികേര വിപണി സമ്മര്‍ദ്ദത്തില്‍; റബറിന് ഡിമാന്റ് മങ്ങി, കൊക്കോയ്ക്കും വില കുറയുന്നു

പ്രതീക്ഷിച്ച വില കിട്ടാതെ ഏലം വിപണി. കൊക്കോ വില വീണ്ടും ഇടിഞ്ഞു

Update: 2025-11-20 12:10 GMT

നാളികേര വിപണി കൂടുതല്‍ സമ്മര്‍ദ്ദത്തിലേയ്ക്ക്. കൊപ്ര വില ഇടിയുന്നത് കണ്ട് സ്റ്റോക്കുള്ള വെളിച്ചെണ്ണ വിൽക്കാൻ മില്ലുടമകൾ പരക്കം പായുകയാണ്.  തമിഴ്നാട്ടില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 675 രൂപ ഇടിഞ്ഞു. ഇതിനിടയില്‍ കൊപ്ര വില 300 രൂപ കുറഞ്ഞ് 20,000 രൂപയായി.  കൊച്ചിയില്‍ എണ്ണയ്ക്കും കൊപ്രയ്ക്കും 200 രൂപ വീതം താഴ്ന്നു.

കൊച്ചി, കോട്ടയം വിപണികളില്‍ റബര്‍ വില സ്ഥിരമാണ്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള റബര്‍ നീക്കം കുറഞ്ഞങ്കിലും ടയര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് വിലക്കയറ്റത്തിന് തടസമായി. ചൈനീസ്, സിംഗപ്പൂര്‍ മാര്‍ക്കറ്റുകള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ റബര്‍ അവധി വ്യാപാര കേന്ദ്രമായ ജപ്പാനില്‍ ഉല്‍പ്പന്ന വില ഉയര്‍ന്നു. ജാപ്പാനീസ് നാണയത്തിന്റെ മുല്യ തകര്‍ച്ച നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിച്ചു.

 ഒസാക്ക എക്സ്ചേഞ്ചില്‍ റബര്‍ വില കിലോ 330 യെന്നിന് മുകളില്‍ ഇടപാടുകള്‍ നടന്നു. യെന്നിന്റെ വിനിമയ മൂല്യം 157 ലേയ്ക്ക് ഇടിഞ്ഞ് ഇടിഞ്ഞു. മൂല്യം 160 ലേയ്ക്ക് താഴാനുള്ള സാധ്യതകള്‍ ജാപ്പാനീസ് മാര്‍ക്കറ്റില്‍ റബറിന് ഡിമാന്റ് ഉയര്‍ത്താം.

ഏലക്ക ലേലത്തില്‍ 40,671 കിലോ ഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തി. ആഭ്യന്തര വിദേശ വിപണികളില്‍ നിന്നുള്ള പിന്‍തുണ നിലനിന്നിട്ടും ശരശാരി വിലയ്ക്ക് കിലോ 2491 രൂപയായി താഴ്ന്നു. ലേലത്തില്‍ ഏലത്തിന് ലഭിച്ച ഏറ്റവും കുറഞ്ഞ വില 2226 രൂപയാണ്. മികച്ചയിങ്ങള്‍ 2912 രൂപയില്‍ കൈമാറി.

കൊക്കോ വില കുറയുന്നു

രാജ്യാന്തര വിപണിയില്‍ കൊക്കോ വില വീണ്ടും കുറഞ്ഞു. ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ കൊക്കോ സംഭരണം കുറച്ചത് ഉല്‍പ്പന്നത്തെ സമ്മര്‍ദ്ദത്തിലാക്കി. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ടണ്ണിന് 320 ഡോളര്‍ ഇടിഞ്ഞ് 5100 ഡോളറായി. മികച്ച കാലാവസ്ഥയില്‍ പശ്ചിമ ആഫിക്കയില്‍ അടുത്ത സീസണിലെ വിളവ് ഉയരുമെന്ന വിലയിരുത്തില്‍ വില ഇടിവിന്റെ ആക്കം ഇരട്ടിപ്പിച്ചു. ആഫ്രി ക്കയില്‍ കൊക്കോ ഉല്‍പാദനം ഏഴ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. രണ്ട് വര്‍ഷം മുന്‍പ് കൊക്കോ വില 12,000 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

Tags:    

Similar News