കേരളത്തിൽ നാളികേര വില കുത്തനെ ഇടിയുന്നു

പിന്നിൽ തമിഴ്നാട് ലോബി? നാളികേരത്തിന് ഉയർന്ന വില ലഭിക്കുന്ന സീസണിൽ കുത്തനെ വില ഇടിവ്.

Update: 2025-11-24 10:41 GMT

കേരളത്തിൽ നാളികേര വില കുത്തനെ ഇടിയുന്നു.  തമിഴ്നാട് തേങ്ങ വാങ്ങുന്നത് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. മലബാർ മേഖലയിൽ ആയിരക്കണക്കിന് ടൺ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. വില ഇടിഞ്ഞതിൻ്റെ പിന്നിൽ തമിഴ്നാട് ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികളുടെ ആരോപണം.

ഒക്ടോബർ മുതൽ ജനുവരി വരെയുള്ളതാണ് സാധാരണയായി തേങ്ങയ്ക്ക് കൂടുതൽ വില ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ തന്നെ നാളികേര വില 17 രൂപ വരെ ഇടിഞ്ഞു. 75 രൂപ വിലവന്നിരുന്ന പച്ചത്തേങ്ങ ഇപ്പോൾ കിലോയ്ക്ക് 58 രൂപ മാത്രമാണ്. നാളികേരവിലയും 82 രൂപയിൽ നിന്ന് താഴ്ന്നു. വെളിച്ചെണ്ണയുടെ വിലയും തുടർച്ചയായി കുറയുകയാണ്.

ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം എണ്ണമില്ലുകൾ പ്രവർത്തിക്കുന്നത് തമിഴ്നാട് തിരുപ്പൂരിനടുത്തുള്ള കാങ്കയമാണ്. കേരളത്തിൽ വ്യാപാരികൾ എടുക്കുന്ന പച്ചത്തേങ്ങ കാങ്കയത്തേക്കാണ് പോകുന്നത്. ഇത് കൊപ്രയാക്കിയ ശേഷം വെള്ളിച്ചെണ്ണയാക്കി കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്. കേരളത്തിൽ നിന്നുള്ള പച്ചത്തേങ്ങ ഇവിടേക്കാണ് കൂടുതലായും പോകാറ്.

കനത്ത മഴയും വില്ലനായി

എന്നാൽ കനത്ത മഴ കാരണം കേരളത്തിൽ നിന്നുള്ള പച്ചത്തേങ്ങ സ്വീകരിക്കുന്നത് ഇവിടെയുള്ള മില്ലുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതോടെ വ്യാപാരികളും നാളികേര കർഷകരും വലിയ പ്രതിസന്ധിയിലായി. തേങ്ങയുടെ വില താഴാൻ തമിഴ്നാട് ലോബി പ്രവർത്തിക്കുന്നതായിട്ടാണെന്നാണ് വ്യാപാരികളുടെ ആരോപണം. സർക്കാർ അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു.

Tags:    

Similar News