കാപ്പി വിപണിയ്ക്ക് ഊര്‍ജ്ജം പകരാന്‍ കോഫി ബോര്‍ഡ്
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും ഉത്പാദനം 7 ലക്ഷം ടണ്ണായി ഉയര്‍ത്തുക എന്നതാണ് കോഫി ബോര്‍ഡിന്റെ ലക്ഷ്യം.
2047 ആകുമ്പോഴേക്കും കാപ്പി ഉത്പാദനം ഇരട്ടിയാക്കി 7 ലക്ഷം ടണ്ണാക്കി ഉയര്‍ത്തുക, ഒഡീഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാപ്പി കൃഷി ഒരു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുക, പരമ്പരാഗത മേഖലകളിലെ വിളവ് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോഫി ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ഇന്ന് ഇന്ത്യ ഏകദേശം 3.5 ലക്ഷം മെട്രിക് ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും ഉത്പാദനം 7 ലക്ഷം ടണ്ണായി ഉയര്‍ത്തുക എന്നതാണ് കോഫി ബോര്‍ഡിന്റെ ലക്ഷ്യം. ഈ 7 ലക്ഷം ടണ്ണില്‍ 15 ശതമാനം സ്‌പെഷ്യാലിറ്റി കാപ്പിയും നേടുക എന്നതാണ് ഉന്നമിടുന്നത്- കര്‍ണാടക പ്ലാന്റേഴ്സ് അസോസിയേഷന്റെ (കെപിഎ) 67-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ കോഫി ബോര്‍ഡ് ചെയര്‍മാന്‍ എം ജെ ദിനേശ് പറഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്നതിന് കോഫി ബോര്‍ഡ് സമഗ്ര പദ്ധതികള്‍ രൂപപപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ 4.05 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കാപ്പി കൃഷിയുണ്ട്.
കൂടാതെ, അടുത്ത മാസം നടക്കുന്ന ശതാബ്ദി പരിപാടിയില്‍ ബലേഹൊന്നൂര്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിസിആര്‍ഐ) മൂന്ന് പുതിയ കാപ്പി ഇനങ്ങള്‍ പുറത്തിറക്കുമെന്ന് ദിനേശ് പറഞ്ഞു. ആഗോള ട്രേസബിലിറ്റി ആവശ്യകതകള്‍ നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ വനനശീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും കര്‍ഷകരെയും കയറ്റുമതിക്കാരെയും സഹായിക്കുന്നതിനായി ഇന്ത്യാ കോഫി ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.
അരക്കു വാലി കാപ്പി കര്‍ഷകരുടെ ബ്രാന്‍ഡിംഗ് വിജയം ആവര്‍ത്തിക്കാന്‍ കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജ് സംസ്ഥാനത്തെ പ്ലാന്റര്‍മാരെ പ്രോത്സാഹിപ്പിച്ചു. പുതിയ ഇനങ്ങള്‍ കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമായവയായിരിക്കണമെന്ന ആവശ്യം ശക്തമാണ്.
