വരണ്ട മണ്ണ്; ഗോതമ്പുകൃഷി കുറയുന്നു

  • മധ്യപ്രദേശില്‍ ജലസേചനം കുറവ്
  • കര്‍ഷകര്‍ വെള്ളം കുറവ് വേണ്ട വിളകളിലേക്ക് മാറുന്നു
  • ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ പ്രതിസന്ധിയായി

Update: 2023-11-23 12:18 GMT

വില കുത്തനെ ഉയര്‍ന്നിട്ടും രാജ്യത്തെ ഗോതമ്പുനടീല്‍ കുറയുമെന്ന് ആശങ്ക. മണ്ണിലെ ഈര്‍പ്പം കുറവായതിനാല്‍ ചില പ്രദേശങ്ങളിലെ കര്‍ഷകര്‍ വെള്ളം കുറവ് ആവശ്യമുള്ള വിളകളിലേക്ക്് മാറുകയാണെന്ന് വ്യവസായ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉല്‍പ്പാദകരാണ് ഇന്ത്യ എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ കയറ്റുമതി നിരോധനം നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാക്കുകയോ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത്  നവംബര്‍ 17 വരെ 8.6 ദശലക്ഷം ഹെക്ടറില്‍ ഗോതമ്പ്  കൃഷി ഇറക്കിയിട്ടുണ്ട് . മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  ഇത് 5.5% കുറവാണിത്. കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയം തയ്യാറാക്കിയ കണക്കുകള്‍ പറയുന്നു..

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗോതമ്പ് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യമുണ്ട്. എന്നാല്‍ വലിയ രണ്ടാമത്തെ ഉല്‍പ്പാദക സംസ്ഥാനമായ മധ്യപ്രദേശിലെ കര്‍ഷകര്‍ ജലസേചന സൗകര്യങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നു.

മധ്യപ്രദേശിലെ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10% കുറയുമെന്ന് അധികൃതര്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. കുറഞ്ഞ മഴയും ജലസേചന ജലത്തിന്റെ പരിമിതമായ ലഭ്യതയും കാരണം മധ്യപ്രദേശിലെ ചില പ്രദേശങ്ങള്‍ ഗോതമ്പില്‍ നിന്ന് ചെറുപയറിലേക്ക് മാറുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍, കര്‍ഷകനായ അവിനാഷ് ഫാല്‍ക്കെ ഈ മാസം ആദ്യം ഗോതമ്പിന് പകരം മൂന്ന് ഏക്കറില്‍ ചോളമാണ് നട്ടത്. 'ഞങ്ങളുടെ കിണര്‍ ഏകദേശം വറ്റി, കുറച്ച് വെള്ളം ആവശ്യമുള്ള ഒരു വിള നട്ടുപിടിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല' അദ്ദേഹം പറഞ്ഞു.

2018 ന് ശേഷം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴയാണ് ഈ വര്‍ഷം ലഭിച്ചത്. അതിനാല്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് കുറയുകയും ജലസംഭരണികള്‍ വറ്റാറാകുകയും ചെയ്തു.ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയാണ് ഓഗസ്റ്റിലുണ്ടായത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നെല്ല് വിളവെടുപ്പിലെ കാലതാമസം ഗോതമ്പ് നടീല്‍ മന്ദഗതിയിലാക്കി. ഇത് വരും ആഴ്ചകളില്‍ ത്വരിതപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗോതമ്പ് ആന്‍ഡ് ബാര്‍ലി റിസര്‍ച്ച് ഡയറക്ടര്‍ ഗ്യാനേന്ദ്ര സിംഗ് പറയുന്നു.

'ചില സംസ്ഥാനങ്ങളില്‍ മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് ആശങ്കാജനകമാം വിധം കുറവാണ്. എന്നാല്‍ മിനിമം താങ്ങുവില 7% വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഗോതമ്പിലുള്ള കര്‍ഷകരുടെ താല്‍പര്യം നിലനിര്‍ത്തും,' ഒലം അഗ്രി ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ ഗുപ്ത പറഞ്ഞു.

ധാന്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായ ഒരു രാജ്യമായ ഇന്ത്യയില്‍, നവംബര്‍ ഒന്നു വരെ ഗോതമ്പ് സ്റ്റോക്ക് 21.9 ദശലക്ഷം മെട്രിക് ടണ്‍ ആണ്, ഇത് അഞ്ച് വര്‍ഷത്തെ ശരാശരിയായ 34.8 ദശലക്ഷം ടണ്ണില്‍ നിന്ന് വളരെ താഴെയാണ്.

Tags:    

Similar News