അമേരിക്കയുടെ അധിക തീരുവയില്‍ ഇന്ത്യക്ക് ആശ്വാസമായി യൂറോപ്യന്‍ യൂണിയന്‍
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന
ഇന്ത്യയില്‍ നിന്ന് 102 സമുദ്രോത്പന്ന യൂണിറ്റുകള്‍ക്ക് കൂടി യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇതോടെ ഇയു വിലേക്കുള്ള ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ 20 ശതമാനം വര്‍ധനയുണ്ടായി. അമേരിക്കയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രമായിമാറുകയാണ് യൂറോപ്യന്‍ യൂണിയന്‍.
ഇതോടെ, മൊത്തം 604 ഇന്ത്യന്‍ സമുദ്രോത്പന്ന വിഭാഗങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അമേരിക്കയുടെ അധിക തീരുവ അടക്കം 50 ശതമാനം തീരുവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ചെമ്മീന്‍ കയറ്റുമതിക്ക് പുതിയ വിപണികള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇന്ത്യക്കും ചൈനക്കുമെതിരെ 100 ശതമാനം തീരുവ ചുമത്തണമെന്നാണ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2024-25 ല്‍ ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ആകെ 4.88 ബില്യണ്‍ ഡോളറായിരുന്നു. ഇത് മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ 66% വരും. ഈ യൂണിറ്റുകള്‍ യൂറോപ്യന്‍ യൂണിയന്‍ ലിസ്റ്റ് ചെയ്യണമെന്നത് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.