എറണാകുളം ആലപ്പുഴ ജില്ലകളില്‍ കുളമ്പുരോഗം വ്യാപിക്കുന്നു
ജില്ലകളിലെ ചെറുകിട ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍.
സംസ്ഥാനത്ത് എറണാകുളം, ആലപ്പുഴ ജില്ലകളിലെ കന്നുകാലികളില്‍ കുളമ്പു രോഗം പടരുകയാണ്. ആലപ്പുഴയില്‍ കുട്ടനാട് മേഖലയിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളത്ത് തിരുമാറാടിയില്‍ 14 കന്നുകാലികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പധികൃതരുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യാത്ത സംഭവങ്ങളുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നത്.
കേന്ദ്ര ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. സുദംബഗിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം കുട്ടനാട്ടിലും തിരുമാറാടിയിലുമെത്തി രോഗം ബാധിച്ച കന്നുകാലികളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നിന്നുള്ള സംസ്ഥാന സംഘം, ഡോ. സജികുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാതല സംഘം എന്നിവര്‍ തിരുമാറാടിയില്‍ പരിശോധന നടത്തി.
ഒലിയപ്പുറം, വടകര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍. ഇവിടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വാക്‌സിനേഷന്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ച് കിലോമീറ്ററിനുള്ളിലുള്ള മുഴുവന്‍ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. ദിവസം 20 മുതല്‍ 25 വരെ മാത്രമേ കുത്തിവെപ്പ് നല്‍കാന്‍ കഴിയുന്നുള്ളൂ. ഇതിനാല്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാണ്.
വാക്‌സിനേഷനില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകാത്തത് ചെറുകിട ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കുത്തിവെപ്പ് ടീം എത്താന്‍ വാഹനമേര്‍പ്പെടുത്തേണ്ട ബാധ്യതയും കര്‍ഷകര്‍ക്കാണ്. കന്നുകാലി ഫാമുകള്‍ നടത്തുന്നവര്‍ കൃത്യമായി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനാല്‍ ഫാമുകളില്‍ രോഗബാധയില്ല. രോഗം ബാധിച്ച കന്നുകാലികളെ കൈമാറ്റം ചെയ്യരുതെന്നും മൃഗാശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
