കാര്‍ഷികരംഗത്ത് നിശബ്ദ വിപ്ലവമായി പിഎം സമ്മാന്‍ നിധി

  • കര്‍ഷകരുടെ ക്ഷേമത്തിനായി പിഎം കിസാന്‍ സമ്മാന്‍ നിധി
  • സമ്പദ് വ്യവസ്ഥയുടെ ശക്തി ഇടത്തരം, ചെറുകിട കര്‍ഷകര്‍
  • കാലാവസ്ഥാ വ്യതിയാനത്തെയും തോല്‍പ്പിക്കാന്‍ ചെറുകിടക്കാര്‍

Update: 2024-02-28 10:19 GMT

ഇന്ത്യയെപ്പോലെ കാര്‍ഷികവൃത്തിക്ക് മുന്‍ഗണന നല്‍കുന്ന രാജ്യത്ത് കാലാവസ്ഥ, ജലസേചനം, വളങ്ങള്‍, വിത്തുകള്‍ ,ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക എന്നിവയെല്ലാം വളരെ പ്രധാനമാണ്. നിരവധി കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകത്തുതന്നെ ഒന്നാമതോ രണ്ടാമതോ ആണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് തകിടംമറിയുന്ന പരിസ്ഥിതിയിലും വിളവുകള്‍ ഇപ്പോഴും മികവനല്‍കുന്നത് രാജ്യത്തെ കര്‍ഷകന്റെ ദൃഢനിശ്ചയമാണ് വെളിവാക്കുന്നത്.

ചെറുകിടകര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. മറ്റു രാജ്യങ്ങളിലേപ്പോലെ വന്‍കിടക്കാരും കോര്‍പ്പറേറ്റുകളും ഈ രംഗത്ത് ഉണ്ടെങ്കിലും അവര്‍ തുലോം കുറവാണ്. അതിനാല്‍ ചെറുകിട, ഇടത്തരം കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ മാത്രമല്ല വിപണിയുടേയും സമൂഹത്തിന്റെ യും ഉത്തരവാദിത്തം കൂടിയാണ്. എന്നാല്‍ പലപ്പോഴും ഇത് പരാജയപ്പെടുന്നു എന്നത് വസ്തുതയുമാണ്.

കരിമ്പ്കൃഷി

കരിമ്പുകൃഷിയുടെ കാര്യമെടുത്താല്‍ ഇന്ത്യ ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പ്പാദകരാണ്. എന്നാല്‍ കനത്ത വരള്‍ച്ച കൃഷിയില്‍ നിഴല്‍ വീഴ്ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മെച്ചെപ്പെട്ടുവരികയാണ്. ഇക്കാരണത്താല്‍ ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ പഞ്ചസാരക്ക് വിലക്കയറ്റം ഉണ്ടായെങ്കിലും ഇന്ത്യയില്‍ അത് പ്രതിഫലിച്ചില്ല.

മില്ലറ്റുകള്‍

ഇനി മില്ലറ്റുകളുടെ (ചെറുധാന്യങ്ങള്‍) കാര്യമെടുത്താല്‍ ഏഷ്യയിലെ 80 ശതമാനം ഉല്‍പ്പാദനവും ഇന്ത്യയിലാണ്. ഇത് ഭൂരിപക്ഷവും ചെയയ്ുന്ന ചെറുകിട കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് മികച്ച ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ 25 സീഡ് ഹബുകളും ആരംഭിച്ചിരുന്നു. മില്ലറ്റും അവയുടെ ആവാസ വ്യവസ്ഥയും സംബന്ധിച്ച് രാജ്യത്ത് അഞ്ഞൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നുള്ളത് ഇവയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചതും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്.

എണ്ണക്കുരുക്കളും മറ്റും

എണ്ണക്കുരു ഉല്‍പ്പാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ആഗോളതലത്തില്‍ കൃഷി ചെയ്യുന്ന മൊത്തം വിസ്തൃതിയുടെ 20സതമാനത്തിലേറെ ഇവിടെയാണ്. നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള്, നൈഗര്‍ വിത്ത്, കടുക്, കുങ്കുമം എണ്ണക്കുരുക്കള്‍ എന്നിവയിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോട്ടണ്‍ ഉല്‍പ്പാദനത്തില്‍ രാജ്യത്തിന് ആഗോളതലത്തില്‍ രണ്ടാം സ്ഥാനമുണ്ട്.2022-23-ല്‍ 341 ലക്ഷം ബെയ്ല്‍ കോട്ടണാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. മഞ്ഞളിന്റെ കാര്യമെടുത്താല്‍ ലോകത്തില്‍ ഏറ്റവുംവലിയ ഉല്‍പ്പാദകര്‍ ഇന്ത്യയാണ്. 2030 ഓടെ ഒരു ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ രംഗത്ത് രാജ്യം ലക്ഷ്യമിടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഇതോടനുബന്ധിച്ച് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കിയിട്ടുമുണ്ട്.

മേല്‍പ്പറഞ്ഞവയുടെ ഉല്‍പ്പാദനത്തില്‍ ഭൂരിഭാഗവും ചെറുകുട കര്‍ഷകരുടെ മികവുകൊണ്ട് നേടാനായതാണ്. ഈ സാഹചര്യത്തില്‍ സാധാരണകര്‍ഷകര്‍ക്ക് സഹായം നല്‍കേണ്ടത് അനിവാര്യമാണ്. കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന വലിയ ഘടകം കൃഷിയിടങ്ങളില്‍നിന്നുമാണ് വരുന്നത്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

കാര്‍ഷിക മേഖലയിലെ നിരവധി പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം ചെറുകിടക്കാര്‍ക്ക് ഒരു കൈത്താങ്ങ് എന്നനിലയില്‍ ആരംഭിക്കപ്പെട്ട പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രാലയമാണ് ഇത് ആരംഭിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിക്കുകീഴില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് തുല്യ മൂന്നു ഗഡുക്കളായി പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുന്നു. ഇത് രാജ്യത്തെ പന്ത്രണ്ട് കോടിയില്‍പരം കര്‍ഷകര്‍കര്‍ക്കാണ് പ്രയോജനം നല്‍കുന്നത്.

ഭൂവുടമസ്ഥതയുടെ രേഖ പ്രകാരം സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന്റെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നത്. നൂറുശതമാനവും കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായത്തോടെയുള്ള ഈ പദ്ധതിയില്‍ ഇപ്പോള്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നു. ഈ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡമനുസരിച്ച്, ഭൂവുടമസ്ഥരായ എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

അവശ്യഘട്ടങ്ങളില്‍ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്ന ഈ പദ്ധതിയുടെ തുക അവര്‍ക്ക് താല്‍ക്കാലിക അനുഗ്രഹമാണ്. മറ്റ് സൗകര്യങ്ങള്‍ക്കു പുറമേയാണിത്. അതിനാല്‍ പദ്ധതി അവര്‍ക്ക് പ്രിയങ്കരവുമാണ്.

2018-ല്‍ തെലങ്കാന സര്‍ക്കാര്‍ റൈതു ബന്ധു എന്നൊരു പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്‍പ്രകാരം കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ നിശ്ചിത തുക വിതരണം ചെയ്തു.ഈ സംരംഭം വ്യാപകമായി അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു.

ഇതിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പിഎം കിസാന്‍ പദ്ധതി തയ്യാറാക്കിയത്.

കര്‍ഷകര്‍ക്ക് നല്‍കുന്ന മിനിമം വരുമാന പിന്തുണയാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ഉപയോഗ നിയന്ത്രണങ്ങളെ വ്യക്തമായി നിര്‍വചിക്കുന്നില്ല. എന്നാല്‍ പദ്ധതിയുടെ തുക വര്‍ധിപ്പിക്കണം എന്നുള്ള ആവശ്യവും ഇന്ന് ശക്തമാണ്.

Tags:    

Similar News