പഞ്ചസാര വിപണിയെ കൈവിടില്ലെന്ന് കേന്ദ്രം
പഞ്ചസാരയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പന വില കിലോയ്ക്ക് 31 രൂപയാണ്
പഞ്ചസാരയുടെ വില്‍പ്പന വില വര്‍ധിപ്പിക്കണമെന്ന വ്യവസായികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി -ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2025-26 മാര്‍ക്കറ്റിംഗ് വര്‍ഷത്തേക്ക് 15 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചസാരയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പന വില കിലോയ്ക്ക് 31 രൂപയാണ്. 2019 ഫെബ്രുവരി മുതല്‍ ഇത് മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഉല്‍പാദനച്ചെലവിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് വില കിലോയ്ക്ക് 40 രൂപയായി ഉയര്‍ത്തണമെന്നാണ് പഞ്ചസാര വ്യവസായ സംഘടനയായ ഇന്ത്യന്‍ ഷുഗര്‍ മില്‍ അസോസിയേഷന്‍ ആവ്യപ്പെട്ടിരിക്കുന്നത്. 2024-25 സീസണില്‍, 10 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി അനുവദിച്ചതിനുശേഷം വില സ്ഥിരത പുലര്‍ത്തിയിരുന്നു.
പഞ്ചസാര കയറ്റുമതിയുടെ ആഘാതം മന്ത്രാലയം വിലയിരുത്തിയ ശേഷമാകും വില വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ഒക്ടോബര്‍-സെപ്റ്റംബര്‍ വരെയുള്ള 2024-25 മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 8 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിട്ടുണ്ട്. 10 ലക്ഷം ടണ്ണാണ് കയറ്റുമതിക്കായി അനുവദിച്ചിട്ടുള്ളത്.
പഞ്ചസാരയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പന വില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, കരിമ്പിന്റെ എഫ്ആര്‍പി (ന്യായവും പ്രതിഫലദായകവുമായ വില) ക്വിന്റലിന് 275 രൂപയില്‍ നിന്ന് 29 ശതമാനം വര്‍ദ്ധിപ്പിച്ച് 355 രൂപയാക്കണമെന്ന ആവശ്യം ശക്തമാണ്.
2025-26 മാര്‍ക്കറ്റിംഗ് വര്‍ഷത്തേക്ക് പഞ്ചസാരയുടെ അടിസ്ഥാന താങ്ങുവില കിലോയ്ക്ക് കുറഞ്ഞത് 40.2 രൂപയായി പരിഷ്‌കരിക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരുടെ നഷ്ടം കുറക്കുന്നതിനും ഇവര്‍ക്ക് സമയബന്ധിതമായി പണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എഫ്ആര്‍പി-എംഎസ്പി ലിങ്കേജ് സംവിധാനം സര്‍ക്കാര്‍ സ്ഥാപനവല്‍ക്കരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.
