യൂറിയ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

  • സഹകരണ സ്ഥാപനമായ ഇഫ്കോ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാനോ ലിക്വിഡ് യൂറിയ പുറത്തിറക്കിയിരുന്നു.
  • ഒരു കുപ്പി നാനോ യൂറിയ 45 കിലോയുടെ ഒരു ബാഗ് പരമ്പരാഗത യൂറിയയ്ക്ക് തുല്യമാണ്.
  • കര്‍ഷകര്‍ക്ക് നിയമപരമായി വിജ്ഞാപനം ചെയ്ത പരമാവധി ചില്ലറ വിലയ്ക്ക് (എംആര്‍പി) യൂറിയ നല്‍കി വരുന്നു.

Update: 2024-04-05 10:26 GMT

അടുത്ത വര്‍ഷം അവസാനത്തോടെ യൂറിയ ഇറക്കുമതി നിര്‍ത്തുമെന്ന് കേന്ദ്ര രാസവള മന്ത്രി മന്‍സൂഖ് മണ്ഡവ്യ. ആഭ്യന്തര ഉല്‍പ്പാദന മുന്നേറ്റം വിതരണവും ആവശ്യവും തമ്മിലുള്ള വിടവ് നികത്താന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് വളങ്ങളുടെ ലഭ്യത വളരെ പ്രധാനമാണെന്നും വിള ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ 65 വര്‍ഷമായി രാജ്യം രാസവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാനോ ലിക്വിഡ് യൂറിയ, നാനോ ലിക്വിഡ് ഡി അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) പോലുള്ള മറ്റ് രാസവളങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

അടച്ച് പൂട്ടിയ നാല് യൂറിയ പ്ലാന്റുകള്‍ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. മറ്റൊന്ന് സജ്ജീകരിച്ച് വരികയാണ്. ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 350 ലക്ഷ്യം ടണ്‍ യൂറിയ ആവശ്യമാണ്. സ്ഥാപിതമായ ആഭ്യന്തര ഉല്‍പ്പാദന ശേഷി 2014-15ല്‍ 225 ലക്ഷം ടണ്ണില്‍ നിന്ന് 310 ലക്ഷം ടണ്ണായി ഉയര്‍ത്തിയതായി മാണ്ഡവ്യ പറഞ്ഞു.

നിലവില്‍ വാര്‍ഷിക ആഭ്യന്തര ഉല്‍പ്പാദനവും ഡിമാന്‍ഡും തമ്മിലുള്ള അന്തരം 40 ലക്ഷം ടണ്‍ ആണ്. അഞ്ചാമത്തെ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതോടെ യൂറിയയുടെ വാര്‍ഷിക ആഭ്യന്തര ഉല്‍പ്പാദനശേഷി ഏകദേശം 325 ലക്ഷം ടണ്ണിലെത്തുമെന്നും 20-25 ലക്ഷം ടണ്‍ പരമ്പരാഗത യൂറിയയ്ക്ക് പകരം നാനോ ലിക്വിഡ് യൂറിയ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാണ്ഡവ്യ പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം യൂറിയയുടെ ഇറക്കുമതി മുന്‍വര്‍ഷത്തെ 91.36 ലക്ഷം ടണ്ണില്‍ നിന്ന് 2022-23ല്‍ 75.8 ലക്ഷം ടണ്ണായി കുറഞ്ഞു. നാനോ ലിക്വിഡ് യൂറിയയുടെ ആവശ്യകത വര്‍ധിച്ചതും രാസവളങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പരമ്പരാഗത യൂറിയ ഉപഭോഗം 25 ലക്ഷം ടണ്‍ കുറഞ്ഞതായി കണക്കാക്കുന്നതായി മാണ്ഡവ്യ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

യൂറിയ സബ്സിഡി സ്‌കീം (യുഎസ്എസ്) പ്രകാരം കര്‍ഷകര്‍ക്ക് നിയമപരമായി വിജ്ഞാപനം ചെയ്ത പരമാവധി ചില്ലറ വിലയ്ക്ക് (എംആര്‍പി) യൂറിയ നല്‍കുന്നു. യൂറിയ എംആര്‍പിയും ഉല്‍പ്പാദനച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്.

Tags:    

Similar News