ഇന്ത്യൻ ബസുമതി അരിക്ക് തിരിച്ചടി; ജിഐ ടാഗ് സർട്ടിഫിക്കേഷൻ നിരസിച്ച് വിദേശ രാജ്യങ്ങൾ
ഇന്ത്യയിൽ നിന്നുള്ള ബസമുതി അരിക്ക് വിദേശ രാജ്യങ്ങളിലെ പ്രീമിയം വിപണി നഷ്ടമാകുമോ?. നിലപാട് കടുപ്പിച്ച് ന്യൂസിലാൻഡും കെനിയയും
ഇന്ത്യന്‍ ബസുമതി അരിക്ക് ജിഐ ടാഗ് സർട്ടിഫിക്കേഷൻ നിരസിച്ച് ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ. ഇന്ത്യൻ ബസുമതി അരിയുടെ പ്രീമിയം വിപണിയിലെ ആധിപത്യം കുറയ്ക്കുന്നതാണ് നീക്കം. ഇന്ത്യയെ തഴഞ്ഞത് ന്യൂസിലന്‍ഡ് , കെനിയ കോടതികളാണ്. ബസുമതി അരിയുടെ ട്രേഡ് മാർക്കിനായുള്ള ഇന്ത്യയുടെ അപേക്ഷ അടുത്തിടെ ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരസിച്ചിരുന്നു. ഇതിനെതിരെ കാർഷികോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി സമർപ്പിച്ച അപ്പീൽ ന്യൂസിലൻഡ് ഹൈക്കോടതി വീണ്ടും തള്ളിയതാണ് ആശങ്കയായിരിക്കുന്നത്. ബസുമതി അരിക്ക് ആഗോളതലത്തിൽ സ്വീകാര്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നീക്കം.
ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ബസുമതി അരിയുടെ വിപണന അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയാണ് ന്യൂസിലാന്‍ഡ്, കെനിയന്‍ കോടതികള്‍ നിരസിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും ആഭ്യന്തര നിയമം പാലിക്കുന്നില്ലെങ്കില്‍ വ്യാപാരവുമായി ബന്ധപ്പെട്ട ഉടമ്പടി നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് കോടതികളുടെ പക്ഷം.
ഇന്ത്യൻ ബസുമതി അരിക്ക് ജിഐ ടാഗുകള്‍ നല്‍കില്ലെന്ന് ന്യൂസിലാൻഡ്, കെനിയ കോടതികൾ കഴിഞ്ഞ മാസം പുറപ്പെടുവിച്ച പ്രത്യേക വിധിന്യായങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ വീണ്ടും അപ്പീല്‍ നല്‍കി. പുതിയ അപ്പീലുകളും ന്യൂസിലാന്‍ഡ് ഹൈക്കോടതിയും കെനിയയിലെ അപ്പലൈറ്റ് കോടതിയും തള്ളുകയായിരുന്നു.
ന്യൂസിലാന്‍ഡില്‍, അപെഡ ട്രേഡ് മാര്‍ക്ക് നിയമപ്രകാരം ബസുമതി അരി രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ആവശ്യപ്പെടുന്നത്. ബസുമതി എന്ന വിഭാഗത്തില്‍ പെടുന്ന ആറ് അരി ഇനങ്ങള്‍ക്ക് ജിഐ ടാഗ് നല്‍കുന്നതിനെ കെനിയയും എതിര്‍ത്തു. ഇന്ത്യന്‍ ആഭ്യന്തര നിയമത്തില്‍ നിലവിലുള്ള ജിഐ ടാഗ് സംവിധാനം വിദേശ രാജ്യങ്ങളിൽ പ്രായോഗികമല്ലെന്നും ബസ്മതി ബ്രാന്‍ഡിന്റെ രജിസ്‌ട്രേഷന്‍ മാത്രമാണ് ഇതിന് പരിഹാരമെന്നുമാണ് ന്യൂസിലാൻഡ് കോടതിയുടെ നിരീക്ഷണം.
