കാര്‍ഷിക വിപണിയില്‍ നഷ്ടങ്ങള്‍ തുടര്‍ക്കഥ, പ്രതീക്ഷ നല്‍കുന്നത് റബര്‍ മാത്രം

ബ്രസീലിയന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അടിച്ചേല്‍പ്പിച്ച അമിത ചുങ്കം പിന്‍വലിച്ചത് ആഗോള കാപ്പി വിപണിയെ പിടിച്ച് ഉലച്ചു സംസ്ഥാനത്ത വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ കാപ്പി കര്‍ഷകര്‍ ആശങ്കയില്‍. അതേസമയം ദക്ഷിണേന്ത്യയില്‍ നാളികേരരോല്‍പ്പന്നങ്ങള്‍ വില തകര്‍ച്ചയിലാണ്

Update: 2025-11-23 06:20 GMT

ബ്രസീലിയന്‍ കര്‍ഷകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം വാരാന്ത്യം അമേരിക്ക അധിക ചുങ്കം പിന്‍വലിക്കാന്‍ തീരുതമാനിച്ചു. യു എസില്‍ നിന്നുള്ള പ്രഖ്യാപനം പുറത്തുവന്നതോടെ വാരാന്ത്യ ദിനം രാജ്യന്തര വിപണിയില്‍ കാപ്പി വില ഇടിഞ്ഞു. അമ്പത് ശതമാനം ചുങ്കമാണ് ബ്രസീലിയന്‍ ഭക്ഷ്യഉലപ്പന്നങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ചത്. ഇത് മൂലം ഏതാനും മാസങ്ങളായി യു എസ് വിപണിയില്‍ കാപ്പി വില കുതിച്ചു കയറുകയായിരുന്നു. രൂക്ഷമായ കാപ്പി ക്ഷാമം തന്നെയാണ് വിലക്കയറ്റത്തിന് വഴിതെളിച്ചത്. ഒരു വശത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നേരിട്ട കടുത്ത ക്ഷാമം പണപ്പെരുപ്പത്തിനും കാരണമായതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയാണ് ഇളവുകള്‍ക്ക് തയ്യാറായത്. പ്രഖ്യാപനം പുറത്ത് വന്ന് മണികൂറുള്‍ക്കുള്ളില്‍ ന്യൂയോര്‍ക്കില്‍ കാപ്പി വില രണ്ട് ശതമാനം ഇടിഞ്ഞ് ടണ്ണിന് 4500 ഡോളറായി. അതേ സമയം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതികളില്‍ ഇനിയും മാറ്റം വരുത്തിയിട്ടില്ല. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ പുതു വര്‍ഷത്തില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. കേരളത്തില്‍ ഇക്കുറി കാപ്പി ഉല്‍പാദനം 85,150 ടണ്ണാണ് പ്രതീക്ഷിക്കുന്നത്. 2150 ടണ്‍ അറബിക്കയും 83,000 ടണ്‍ റോബസ്റ്റയും വിളയും. നടപ്പ് വര്‍ഷം ഫാം-ഗേറ്റ് റോബസ്റ്റ കിലോ 460 രൂപ വരെ കയറി. വയനാട്ടില്‍ കാപ്പി പരിപ്പ് കിലോ 410 രൂപയിലാണ്.

ചിങ്ങം മുതല്‍ കരുത്ത് നിലനിര്‍ത്താന്‍ ക്ലേശിച്ച നാളികേരോല്‍പ്പന്ന വിപണിക്ക് ഒടുവില്‍ കാലിടറി. വന്‍കിട മില്ലുകാരുടെ കണക്ക് കൂട്ടലുകള്‍ക്ക് ഒത്ത് വെളിച്ചെണ്ണ വില്‍പ്പന മുന്നേറാഞ്ഞത് കൊപ്ര സംഭരണത്തില്‍ നിന്നും അവരെ പിന്‍തിരിപ്പിച്ചു. വ്യാവസായിക ആവശ്യം ചുരുങ്ങിയതോടെ കൊപ്ര വില ഇടിഞ്ഞത് കണ്ട് സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാന്‍ മില്ലുകാരും പരക്കം പാഞ്ഞു. വിപണി അത്ര സുഖകരമല്ലെന്ന തിരിച്ചറിവില്‍ അയല്‍ സംസ്ഥാനങ്ങളിലെ പല തോട്ടങ്ങളും മൂപ്പ് എത്തും മുന്നേ വിളവെടുപ്പിനും നീക്കം നടത്തിയത് വരും ദിനങ്ങളില്‍ ഇടിവിന്റെ ആക്കം ഇരട്ടിപ്പിക്കുമെന്ന ഭീതിയില്‍ സ്റ്റോക്കിസ്റ്റുകള്‍ കൊപ്രയും വെളിച്ചെണ്ണയും വിറ്റഴിക്കാന്‍ മത്സരിച്ചു. പിന്നിട്ടവാരം തമിഴ്നാട് വിപണിയില്‍ കൊപ്രയ്ക്ക് 2600 രൂപയുടെ വില തകര്‍ച്ച നേരിട്ടു, വാരാന്ത്യം നിരക്ക് 19,900 ലേയ്ക്ക് താഴ്ന്നു. എണ്ണ വില 2350 രൂപയും ഇടിഞ്ഞു. കൊച്ചിയില്‍ എണ്ണ 34,600 രൂപയിലും കൊപ്ര 21,200 രൂപയിലുമാണ്.

യുറോപ്യന്‍ രാജ്യങ്ങള്‍ ന്യൂ ഇയര്‍ ഡിമാന്റ് മുന്നില്‍ കണ്ട് വെള്ള കുരുമുളക് ശേഖരിക്കാന്‍ രംഗത്ത് എത്തിയതോടെ രാജ്യാന്തര വിപണിയില്‍ കുരുമുളക് വിലയിലും ഉണര്‍വ്. വൈറ്റ് പെപ്പറിനും വിയറ്റ്നാം ടണ്ണിന് 9050 ഡോളറിന് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യ 9745 ഡോളര്‍ ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യ കയറ്റുമതി സമൂഹം 12,300 ഡോളറിനാണ് ക്വട്ടേഷന്‍ ഇറക്കിയത്. ഇതിനിടയില്‍ യു എസ് ബയ്യര്‍മാരും സുഗന്ധവ്യഞ്ജന വിപണിയില്‍ നടപ്പ് വര്‍ഷത്തെ അവസാനഘട്ട വാങ്ങലിന് ഇറങ്ങി. മുഴുപ്പ് കൂടിയ ഇനം കുരുമുളകിനോട് ഇറക്കുമതിക്കാര്‍ താല്‍പര്യം കാണിച്ചെങ്കിലും പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇറങ്ങുന്നില്ല. വിദേശ വാങ്ങലുകാരെ ആകര്‍ഷിക്കാന്‍ വിയറ്റ്നാം 6600 ഡോളറിന് ക്വട്ടേഷന്‍ ഇറക്കി. ഇന്ത്യന്‍ മുളക് വില ടണ്ണിന് 8150 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 71,200 രൂപയായി ഉയര്‍ന്നു.

പ്രമുഖ ലേല കേന്ദ്രങ്ങളില്‍ പുതിയ ചരക്ക് വരവ് ഉയര്‍ന്ന അളവില്‍ തുടരുകയാണ്. വരവ് ശക്തമായതിനിടയില്‍ നിരക്ക് ഉയര്‍ത്താതെ പരമാവധി ഏലക്ക സംഭരിക്കാന്‍ ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഉത്സാഹിച്ചു. ഉല്‍പാദന മേഖലയിലെ അനുകൂല കാലാവസ്ഥ വിലയിരുത്തിയാല്‍ ഡിസംബര്‍ അവസാനം വരെ ലഭ്യത ഉയര്‍ന്ന് നില്‍ക്കാം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങള്‍ എത്തുന്നതിനാല്‍ കയറ്റുമതി സമൂഹം വലിപ്പം കൂടിയ ഇനങ്ങളില്‍ പിടിമുറുക്കി. ക്രിസ്തുമസ് - ന്യൂ ഇയര്‍ വേളയായതിനാല്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ഏലത്തിന് ആവശ്യകാരുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും ആഭ്യന്തര വിലക്കയറ്റം ഭയന്ന് കൂടുതല്‍ വിവരങ്ങള്‍ കയറ്റുമതി മേഖല പുറത്തുവിടുന്നില്ല. വലിപ്പം കൂടിയ ഇനങ്ങള്‍ പല അവസരത്തിലും കിലോ 3000 - 3300 രൂപ വരെ കയറി ഇടപാടുകള്‍ നടന്നു. ശരാശരി ഇനങ്ങള്‍ കിലോ 2500 രൂപ റേഞ്ചില്‍ കൈമാറ്റം നടന്നു.

ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ ഷീറ്റ് വില വാരത്തിന്റെ തുടക്കത്തില്‍ സ്റ്റെഡിയായി നീങ്ങിയെങ്കിലും ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ ജപ്പാനീസ് യെന്നിന്റെ കാലിടറുന്നത് മൂലം വിദേശ ഓപ്പറേറ്റര്‍മാര്‍ റബറില്‍ പിടിമുറുക്കി. യെന്നിന്റെ മൂല്യം ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലവാര മായ 157 ലേക്ക് ഇടിഞ്ഞത് ജാപ്പനീസ് മാര്‍ക്കറ്റില്‍ റബര്‍ വില കിലോ 335 യെന്നിലേയ്ക്ക് ഉയര്‍ത്തി. എന്നാല്‍ സിംഗപ്പൂര്‍, ചൈനീസ് മാര്‍ക്കറ്റില്‍ ഈ അവസരത്തില്‍ വാങ്ങലുകാര്‍ കാര്യമായ താല്‍പര്യം കാണിച്ചതുമില്ല. ഇന്ത്യന്‍ ടയര്‍ ഭീമന്‍മാര്‍ ആഭ്യന്തര റബര്‍ വില 188 രൂപയില്‍ നിന്നും 185 ലേയ്ക്ക് ഇടിച്ചു.

Tags:    

Similar News