കേരളത്തില്‍ റബ്ബര്‍ക്കുരു ക്ഷാമം
ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ച് വന്‍കിട നഴ്‌സറികള്‍
കേരളത്തില്‍ റബര്‍ കുരു ക്ഷാമം രൂക്ഷമായതോടെ അസമില്‍നിന്ന് റബ്ബര്‍ക്കുരു ഇറക്കുമതി ചെയ്യുകയാണ് സംസ്ഥാനത്തെ വന്‍കിട നഴ്‌സറികള്‍. നിലമ്പൂരില്‍ നിന്നാണ് സാധാരണ റബര്‍ തൈ എത്താറ്. തൈ നിര്‍മാണത്തിന്റെ രണ്ടാംസീസണിലേക്ക് വേണ്ട കുരു നിലമ്പൂരില്‍നിന്ന് കിട്ടാതെവന്നതോടെയാണ് അസമിനെ ആശ്രയിക്കുന്നത്. നിലമ്പൂര്‍ റബർ കുരുവിൻ്റെ ഉയർന്ന നിലവാരം മൂലം ഡിമാൻഡും കൂടുതലാണ്.
കിലോഗ്രാമിന് 300 രൂപയാണ് റബര്‍ കുരുവിന് വില. രണ്ട് സീസണുകളാണ് റബ്ബര്‍തൈ നിര്‍മാണത്തിനുള്ളത്. ജൂലായ്-ഓഗസ്റ്റില്‍ തുടങ്ങുന്നതാണ് ഒരു സീസണ്‍. ഒക്ടോബര്‍-നവംബറില്‍ തുടങ്ങുന്നതാണ് രണ്ടാമത്തെ സീസണ്‍. ജൂലായ് സീസണ് വേണ്ട റബർ കുരു നിലമ്പൂരില്‍നിന്ന് കിട്ടാറുണ്ടെങ്കിലും രണ്ടാമത്തെ സീസണിൽ ലഭ്യമല്ലാതാകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
മുന്‍പ് റബര്‍ കുരുവിനായി തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തെയും ആശ്രയിച്ചിരുന്നു. 70 മുതല്‍ 80 ശതമാനംവരെ കുരുവും മുളച്ച് ബലമുള്ള തൈയാകും. എന്നാൽ പുറത്തുനിന്ന് എത്തുന്ന റബർ കുരുവിന് അതിജീവനശേഷി കുറവാണെന്ന് നഴ്‌സറികള്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ യാത്രാചെലവ് ഉള്‍പ്പെടെ തൈ ഉല്‍പ്പാദനത്തിന് ചെലവേറിയതും പ്രതിസന്ധിയായിട്ടുണ്ട്.