കുറഞ്ഞ ജലസേചനത്തിലൂടെ കാര്‍ഷിക മേഖല മുന്നേറണം; ജിടിആര്‍ഐ

  • ജലദൗര്‍ലഭ്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ നെല്‍ കൃഷിയില്‍ നിന്ന് വിട്ട് നില്‍ക്കണം
  • പരമ്പരാഗത കാര്‍ഷിക നയങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു
  • ലോക വ്യാപാര സംഘടനയുടെ 13 മത് സമ്മേളനം ഈ മാസം 26 ന്

Update: 2024-02-22 12:08 GMT

കുറഞ്ഞ ജല ഉപയോഗത്തിലൂടെ രാജ്യത്ത് രണ്ടാം ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കണമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ). ജലത്തിന്റെ ആവശ്യം പരമാവധി കുറക്കാന്‍ കഴിയുന്ന പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് ജിടിആര്‍ആ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കി വരുന്ന സൗജന്യ വൈദ്യുതി നിരുത്സാഹപ്പെടുത്തണമെന്നും പറയുന്നു.

ഡ്രിപ്പ് ഇറിഗേഷന്‍, ലേസര്‍ ആന്‍ഡ് ലാന്‍ഡ് ലെവലിംഗ്, ജലസേചന സാങ്കേതിക വിദ്യകളില്‍ പരിശീലനം, കാര്‍ഷിക മേഖലയിലെ മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ കര്‍ഷകര്‍ക്ക് അവബോധം വര്‍ധിപ്പിക്കണം. കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സുസ്ഥിരമല്ലാത്ത കാര്‍ഷിക രീതികള്‍ സൃഷ്ടിച്ച ദീര്‍ഘകാല പ്രത്യാഘങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഈടാക്കുന്നതിനുള്ള നിയമപരമായ ഉറപ്പും കാര്‍ഷിക കടം എഴുതിത്തള്ളലും ഉള്‍പ്പെടുയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡെല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനാല്‍ ഈ ശുപാര്‍ശകള്‍ക്ക് പ്രാധാന്യമുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരണം നടക്കുന്നത്. നെല്ലും ഗോതമ്പുമാണ് കുറഞ്ഞ താങ്ങുവിലയില്‍ 95 ശതമാനത്തോളം മൂല്യം വഹിക്കുന്നത്.

ചോളം, പയര്‍ വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നെല്ലിന് വെള്ളം കൂടുതല്‍ ആവശ്യമാണ്. പഞ്ചാബില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ കിലോഗ്രാം നെല്ലും ഏകദേശം 800-1,200 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പഞ്ചാബില്‍ വെള്ളം ആവശ്യമുള്ള നെല്ല് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ 70 ശതമാനവും നെല്‍ക്കൃഷിയാണ്, പഞ്ചാബിലെ കാര്‍ഷിക ജലത്തിന്റെ 90 ശതമാനവും കുഴല്‍ക്കിണറുകളില്‍ നിന്നാണ് എടുക്കുന്നത്. സമീപകാലത്ത് കുഴല്‍ കിണറുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്.

ഫെബ്രുവരി 26 മുതല്‍ അബുദാബിയില്‍ ആരംഭിക്കുന്ന ഡബ്ല്യുടിഒയുടെ 13-ാമത് മന്ത്രിതല സമ്മേളനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായക വിഷയമാണ്. കാരണം കര്‍ഷക പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ലോക വ്യാപാര സംഘടനയില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നുള്ളതാണ്. വ്യാപാര സംഘടനയുടെ കാര്‍ഷിക കരാറിലെ ചില വ്യവസ്ഥകള്‍ പ്രായോഗികമല്ലെന്നാണ് ഡിടിആര്‍ഐയും ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News