ട്രയംഫ്-ബജാജ് കൂട്ടികെട്ട്; രണ്ട് ബൈക്കുകള്‍ ലോഞ്ച് ചെയ്തു

  • ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് എന്നിവയാണ് രണ്ട് ബൈക്കുകള്‍
  • ട്രയംഫ് സ്പീഡ് 400 ബൈക്ക് മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക
  • സ്പീഡ് 400നും ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് നും ഡിസ്‌ക് ബ്രേക്കുകളുണ്ട്

Update: 2023-07-05 11:39 GMT

ഏകദേശം ആറ് വര്‍ഷം മുമ്പ് 2017 ഓഗസ്റ്റില്‍, ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്, വളര്‍ന്നുവരുന്ന വിപണികള്‍ക്കായി ചെറുതും ഇടത്തരവുമായ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ ഇരുചക്രവാഹന ഭീമനായ ബജാജുമായി കൈകോര്‍ത്തിരുന്നു. 2023 ജുലൈ 5-ന് ആ കൂട്ടുകെട്ടില്‍ പിറന്ന രണ്ട് ബൈക്കുകള്‍ ലോഞ്ച് ചെയ്തു.

ട്രയംഫ് സ്പീഡ് 400 (Triumph Speed 400), ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് (Triumph Scrambler 400X) എന്നിവയാണ് രണ്ട് ബൈക്കുകള്‍.

സ്ട്രീറ്റ് ട്വിന്‍ 900 (Street Twin 900) എന്ന ബൈക്കില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് രൂപം കൊടുത്ത ബൈക്കാണ് ട്രയംഫ് സ്പീഡ് 400. ഇതിന്റെ എക്‌സ് ഷോറൂം വില 2.33 ലക്ഷം രൂപയാണ്.

സ്‌ക്രാംമ്പ്‌ളര്‍ 900, 1200 എന്നിവയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് നിര്‍മിച്ചത്. ഇതിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ട്രയംഫ് ഡിസൈന്‍ ചെയ്ത മോട്ടോര്‍സൈക്കിളുകള്‍ ബജാജ് പൂനെയ്ക്കു സമീപമുള്ള ചക്കന്‍ പ്ലാന്റിലായിരിക്കും നിര്‍മിക്കുക.

കാര്‍ണിവല്‍ റെഡ്, കാസ്പിയന്‍ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നിങ്ങനെയായി ട്രയംഫ് സ്പീഡ് 400 ബൈക്ക് മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക.

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് മോട്ടോര്‍സൈക്കിളില്‍ ഉണ്ടാവുക. അനലോഗ് സ്പീഡോ മീറ്ററും, എല്‍സിഡി സ്‌ക്രീനും ഉണ്ട്. ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ടാക്കോ മീറ്റര്‍, ഗിയര്‍ പൊസിഷന്‍, ഡിസ്റ്റന്‍സ് ടു സീറോ എന്നിവ കാണുവാന്‍ സാധിക്കും.

സ്പീഡ് 400നും ട്രയംഫ് സ്‌ക്രാംമ്പ്‌ളര്‍ 400 എക്‌സ് നും മുന്‍വശത്തും പിറകിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. അതുപോലെ സ്പീഡ് 400 ബൈക്കിന്റെ രണ്ടു വീലുകളും 17 ഇഞ്ച് അലോയ് വീലുകളാണ്.

ഈ രണ്ട് മോട്ടോര്‍സൈക്കിളുകളിലൂടെ, റോയല്‍ എന്‍ഫീല്‍ഡിനെയാണു ട്രയംഫ് ലക്ഷ്യമിടുന്നതെന്നു വേണം കരുതാന്‍. മിഡ് കപ്പാസിറ്റി ബൈക്കുകളില്‍ വച്ച് റോയല്‍ എന്‍ഫീല്‍ഡ് 350 സിസി മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടത്തുന്നത്.

Tags:    

Similar News