ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് സ്കോഡയും.ഫോക്സ് വാഗൺ ഗ്രൂപ്പിൻ്റെ ഭാഗമായ സ്കോഡ ഇന്ത്യയിൽ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന സൂചനകൾ നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ ഇതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വേണ്ടി വന്നേക്കും.
2027നും 28നും ഇടയിൽ വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് സൂചന. ചാർജിങ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനും പ്രാദേശിക സപ്ലയർ നെറ്റ്‍വർക്ക് മികച്ചതാക്കാനും ഈ സമയം കമ്പനി വിനിയോഗിക്കും എന്ന റിപ്പോർട്ടുണ്ട്. പ്രീമിയം സെഗ്മൻ്റിൽ ഇപ്പോൾ ആഗോള തലത്തിൽ സ്കോഡ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നുണ്ട്.
ആദ്യ മോഡൽ ഏത്?
കോംപാക്റ്റ് എസ്‌യുവി ഇലക്ട്രിക് മോഡലായ എന്യാക്ക് ആണോ അതോ നേരത്തെ പ്രഖ്യാപിച്ചിരുന്ന എൽറോക്കിൻ്റെ ഇലക്ട്രിക് പതിപ്പാണോ ആദ്യം വിപണിയിൽ എത്തിക്കുന്നത് എന്നതിൽ വ്യക്തതയില്ല. എൽറോക്കിൻ്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നവീനമായ ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനും സ്കോഡ ഇലക്ട്രിക് എസ്‍യുവികളെ വ്യത്യസ്തമാക്കിയേക്കുമെന്നാണ് സൂചനകൾ. മോഡേൺ സോളിഡ് ഡിസൈനിലെ എസ്‍യുവി മോഡലാണ് എൽറോക്ക്. ഒറ്റ ചാർജിൽ 580 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് എന്യാക്കിൻ്റെ പ്രത്യേകത.
മത്സരവുമായി വിവിധ കമ്പനികൾ
ടാറ്റയുടെ ഹാരിയർ, എംജിയുടെ സൈബർസ്റ്റർ, മാരുതിയുടെ വിറ്റാര, വോൾവോ ഇഎക്സ് 30 തുടങ്ങിയവയുടെ ഇലക്ട്രിക് പതിപ്പുകളും അധികം വൈകൈതെ വിപണിയിൽ എത്തും. കിയ മോട്ടോഴ്സിൻ്റെ ഇവി9, ഹോണ്ട എലവേറ്റ് എന്നിവയുടെ ഇലക്ട്രിക് മോഡലുകളും വിപണിയിൽ എത്തും.
ഇലക്ട്രിക് കാർ വിപണിയിൽ വലിയ മുന്നേറ്റമുണ്ട്. വർഷം തോറും ശക്തമായ വളർച്ചയാണ് ഇലക്ട്രിക് കാർ വിൽപ്പനയിലുള്ളത്. ഈ രംഗത്തെ മത്സരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും മതിയായ ചാർജിംഗ് സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വെല്ലുവിളികളാണ്. 2030-സാമ്പത്തിക വർഷത്തോടെ മൊത്തം വാഹന വിപണിയുടെ30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
