ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക്; തകർപ്പൻ വിൽപ്പന
ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ തകർപ്പൻ വിൽപ്പന
ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു. വിൽപ്പന കുത്തനെ ഉയർന്നു. സെപ്റ്റംബറിൽ ലോകമെമ്പാടും വൈദ്യുത വാഹന വിൽപ്പന 21 ലക്ഷം യൂണിറ്റുകളിലെത്തിയതായി റിപ്പോർട്ട്. പൂർണ്ണമായും ഇലക്ട്രിക്കായ വാഹനങ്ങളുടെ വിൽപ്പനയിൽ സെപ്റ്റംബറിൽ 26 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. ചൈനയിലെ ശക്തമായ ഡിമാൻഡും യുഎസിലെ ഇവി ടാക്സ് ക്രെഡിറ്റ്പദ്ധതി അവസാനിക്കുന്നതും ഡിമാൻഡ് ഉയർത്തിയതായി സ്വകാര്യ മാർക്കറ്റ് റിസേർച്ച് സ്ഥാപനം വെളിപ്പെടുത്തുന്നു.
ചൈനയിൽ സാധാരണയായി കാർ വാങ്ങുന്നതിനുള്ള ഏറ്റവും തിരക്കേറിയ മാസമാണ് സെപ്റ്റംബർ. യുഎസിൽ ഇലക്ട്രിക് വാഹനങ്ങൾക്കുണ്ടായിരുന്ന പ്രത്യേക സബ്സിഡി നിർത്തലാക്കുകയാണ്. 7,500 ഡോളറിൻ്റെ പ്രത്യേക ഇവി ടാക്സ് ക്രെഡിറ്റ് ലഭിക്കാൻ ഉപഭോക്താക്കൾ ശ്രമിക്കുന്നതാണ് പെട്ടെന്ന് ഡിമാൻഡ് കുതിച്ചുയരാൻ കാരണം. എന്നാൽ നാലാം പാദത്തിൽ ഡിമാൻഡ് കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കുമുള്ള ഇളവുകൾ അവസാനിക്കുന്നതാണ് കാരണം.
അതേസമയം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് ജർമ്മനി കൂടുതൽ പ്രോത്സാഹനം നൽകുന്നുണ്ട്. ബ്രിട്ടനിലെ ശക്തമായ ഡിമാൻഡും യൂറോപ്പ്യൻ വിപണിയും വിൽപ്പന വളർച്ച നേടാൻ കാരണമായി. ടെസ്‌ല യൂറോപ്പിൽ കുറഞ്ഞ വിലയുള്ള മോഡൽ Y പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇത് വരും മാസങ്ങളിൽ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയാണ് ചൈന, ആഗോള വൈദ്യുത വാഹന വിൽപ്പനയുടെ മൂന്നിൽ രണ്ടുഭാഗവും ചൈനയിലാണ്. ഏകദേശം 13 ലക്ഷം യൂണിറ്റുകളാണ് വിൽപ്പന.
2020 മുതൽ ആഗോള ഇവി വിപണിയിൽ കുത്തനെ വളർച്ചയുണ്ട്. വിൽപ്പനയിൽ 43 ശതമാനമാണ് വളർച്ച. 2012 ൽ ഒരാഴ്ച കൊണ്ട് വിറ്റ വാഹനങ്ങൾ 2021 ൽ ഒറ്റ ആഴ്ച കൊണ്ട് വിറ്റഴിച്ചിട്ടുണ്ട്. 2022 മുതൽ ആഗോള വിൽപ്പനയിൽ 35 ശതമാനമാണ് വർധന.
