ഇലക്ട്രിക് ട്രക്ക്; സബ്സിഡി നല്‍കാന്‍ കേന്ദ്രം

  • വാഹന വിലയുടെ 10 മുതല്‍ 15 ശതമാനം വരെ സബ്‌സിഡി നല്‍കാനാണ് നീക്കം
  • 55 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 12.5 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ

Update: 2025-04-05 10:07 GMT

ഇലക്ട്രിക് ട്രക്ക് വാങ്ങുന്നവര്‍ക്ക് സബ്സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാഹന വിലയുടെ 10 മുതല്‍ 15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് ആലോചന.

കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പിന്നാലെ ഇലക്ട്രിക് ട്രക്കുകള്‍ക്കും സബ്‌സിഡി നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇളവുനല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാജ്യത്തെ ചരക്കുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നീക്കത്തിനാകുമെന്നാണ് പ്രതീക്ഷ. പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ 500 കോടി രൂപയാണ് ഇലക്ട്രിക്ക് ട്രക്കുകള്‍ക്ക് വേണ്ടി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും രണ്ട് സാധ്യതകളാണ് കേന്ദ്രം പരിഗണിക്കുന്നത്. വാഹനത്തിന്റെ ബാറ്ററിയുടെ ശേഷി അനുസരിച്ചായിരിക്കും കിലോവാട്ട് അവര്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി നിശ്ചയിക്കുക. കിലോവാട്ട് അവറിന് 5,000 രൂപ അല്ലെങ്കില്‍ 7,500 രൂപ എന്നിങ്ങനെ രണ്ട് രീതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയുടെ 10 മുതല്‍ 15 ശതമാനം സബ്‌സിഡിയായി നല്‍കാനാണ് ആലോചന. 55 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 12.5 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. . അതേസമയം, സബ്‌സിഡി അപര്യാപ്തമാണെന്ന് ഇ-ട്രക്ക് നിര്‍മാണ കമ്പനികള്‍ ആരോപിച്ചു. ഇലക്ട്രിക് ബസുകള്‍ക്ക് 35 ലക്ഷം രൂപ വരെ സബ്‌സിഡി കൊടുക്കുന്നുണ്ടെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൊതുഗതാഗത വാഹനം എന്ന നിലയ്ക്കാണ് ബസുകള്‍ക്ക് സബ്‌സിഡി നല്‍കുന്നതെന്നും വാണിജ്യട്രക്കുകള്‍ക്ക് അധിക സബ്‌സിഡിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.    

Tags:    

Similar News