ഹ്യുണ്ടായിക്ക് വില്‍പ്പന നേട്ടം

  • മൊത്തവ്യാപാരം 9.5 ശതമാനം ഉയര്‍ന്നു
  • ഏപ്രിലില്‍ കയറ്റുമതി വര്‍ധന 59 ശതമാനം
  • പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഹ്യൂണ്ടായ് മോട്ടോര്‍

Update: 2024-05-01 08:33 GMT

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മൊത്തവ്യാപാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം ഉയര്‍ന്ന് ഏപ്രിലില്‍ 63,701 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 58,201 യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചത്. ആഭ്യന്തര മൊത്തവ്യാപാരം കഴിഞ്ഞ വര്‍ഷം 49,701 യൂണിറ്റില്‍ നിന്ന് ഒരു ശതമാനം വര്‍ധിച്ച് 50,201 യൂണിറ്റിലെത്തി.

2023 ഏപ്രിലിലെ 8,500 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം ഏപ്രിലില്‍ കയറ്റുമതി 59 ശതമാനം ഉയര്‍ന്ന് 13,500 യൂണിറ്റിലെത്തി. കമ്പനി ഈ വര്‍ഷം തുടര്‍ച്ചയായി നാലാം മാസവും 50,000-ലധികം ആഭ്യന്തര വില്‍പ്പന കൈവരിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ക്രെറ്റ, വെന്യു, എക്സ്റ്റര്‍ തുടങ്ങിയ മോഡലുകളാല്‍ ശ്രദ്ധേയമായ എസ്യുവികള്‍ വാഹന നിര്‍മ്മാതാക്കളുടെ ആഭ്യന്തര വില്‍പ്പനയുടെ 67 ശതമാനം സംഭാവന ചെയ്യുന്ന വളര്‍ച്ചാ ഘടകമായി തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) അവതരിപ്പിക്കാനുള്ള പദ്ധതി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഈ ഇവി പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ വാഹനമാണ് ഹ്യൂണ്ടായ് ക്രെറ്റ ഇവി. ഇത് 2025 ന്റെ ആദ്യ പകുതിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഇവി ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാണ് പദ്ധതിയിടുന്നത്. ഹൈ-ടെക് ഇവി ബാറ്ററി അസംബ്ലി യൂണിറ്റ് നിര്‍മ്മിക്കുന്നതിനും ഇവി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഹൈവേകളില്‍ 100 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Tags:    

Similar News