റെയില്‍വേവഴി അയച്ചത് അഞ്ച് ലക്ഷം വാഹനങ്ങളെന്ന് മാരുതി സുസുക്കി
- 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേവഴി മാരുതി അയച്ചത് 24 ലക്ഷം വാഹനങ്ങള്‍
- അന്തരീക്ഷ മലിനീകരണം കുറയ്ക്കുക ലക്ഷ്യമെന്ന് കമ്പനി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ വഴി 5.18 ലക്ഷം വാഹനങ്ങള്‍ അയച്ചതായി മാരുതി സുസുക്കി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2014-15 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യന്‍ റെയില്‍വേ വഴി ഏകദേശം 24 ലക്ഷം വാഹനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് കാര്‍ വിപണിയിലെ പ്രമുഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ വഴി 20 ലധികം ഹബ്ബുകളിലേക്കാണ് വാഹനങ്ങള്‍ അയക്കുന്നത്. കമ്പനി കയറ്റുമതിക്കായി ഉപയോഗിക്കുന്ന മുന്ദ്ര, പിപാവാവ് തുറമുഖ സ്ഥലങ്ങളിലും റെയില്‍വേ സേവനം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നത് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഒരു മുന്‍ഗണനയാണ്,' മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.
2013 ല്‍ ഓട്ടോമൊബൈല്‍-ചരക്ക്-ട്രെയിന്‍-ഓപ്പറേറ്റര്‍ ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് മാരുതി സുസുക്കി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അതിനുശേഷം, ഞങ്ങള്‍ ഏകദേശം 24 ലക്ഷം വാഹനങ്ങള്‍ റെയില്‍ വഴി അയച്ചിട്ടുണ്ട്. 2030-31 സാമ്പത്തിക വര്‍ഷത്തോടെ, റെയില്‍ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 35 ശതമാനമായി ഉയര്‍ത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,' ടകേച്ചി അഭിപ്രായപ്പെട്ടു.
നിലവില്‍ മാരുതി സുസുക്കി 40-ലധികം ഫ്‌ലെക്‌സി ഡെക്ക് റേക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, ഓരോന്നിനും ഒരു യാത്രയില്‍ ഏകദേശം 300 വാഹനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
ഇതുവഴി 1.8 ലക്ഷം ടണ്ണിലധികം അന്തരീക്ഷ മലിനീകരണം ഒഴിവാക്കിയതായും 63 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിച്ചതായും കമ്പനി പറഞ്ഞു.
