വാഹന വില്‍പ്പന; എന്‍ഫീല്‍ഡിന് കുതിപ്പ്, തിരിച്ചടി നേരിട്ട് ഹ്യുണ്ടായ്

  • റോയല്‍ എന്‍ഫീല്‍ഡ് 26 ശതമാനം വില്‍പ്പന വളര്‍ച്ച നേടി
  • മെയ്മാസ വില്‍പ്പനയില്‍ ബജാജ് ഓട്ടോ നേടിയത് 8% വളര്‍ച്ച

Update: 2025-06-02 08:19 GMT

മെയ് മാസത്തില്‍ വില്‍പ്പന വര്‍ധിപ്പിച്ച് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. വില്‍പ്പന 26 ശതമാനം വര്‍ധിച്ച് 89,429 യൂണിറ്റായി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 71,010 യൂണിറ്റായിരുന്നു.

കഴിഞ്ഞമാസത്തിലെ ആഭ്യന്തര വില്‍പ്പന 75,820 യൂണിറ്റായിരുന്നു. ഇതില്‍ 19 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ആഭ്യന്തര വില്‍പ്പന 63,531 യൂണിറ്റായിരുന്നു.

കയറ്റുമതിയിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 82 ശതമാനം വളര്‍ച്ചയോടെ 13,609 യൂണിറ്റുകള്‍ കമ്പനി കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,479 യൂണിറ്റായിരുന്നു.

മെയ് മാസത്തിലെ മൊത്ത വില്‍പ്പനയില്‍ 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 3,84,621 യൂണിറ്റിലെത്തിയതായി ബജാജ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 2,25,733 യൂണിറ്റായിരുന്നു. അവലോകന മാസത്തിലെ കയറ്റുമതി 22 ശതമാനം ഉയര്‍ന്ന് 1,58,888 വാഹനങ്ങളായി.

എന്നാല്‍ കഴിഞ്ഞമാസം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. മൊത്തം വില്‍പ്പന 8 ശതമാനം കുറഞ്ഞ് 58,701 യൂണിറ്റിലെത്തിയതായി കമ്പനി അറിയിച്ചു.കമ്പനിയുടെ മൊത്തം വില്‍പ്പന കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 63,551 യൂണിറ്റായിരുന്നു.

ആഭ്യന്തര വിപണിയിലെ ഡീലര്‍മാര്‍ക്ക് അയച്ചത് 11 ശതമാനം കുറഞ്ഞ് 43,861 യൂണിറ്റായി. എന്നാല്‍ കയറ്റുമതിയില്‍ നേരിയ വളര്‍ച്ച നേടാന്‍ സാധിച്ചു. 2024 മെയ് മാസത്തില്‍ 14,400 യൂണിറ്റുകളായിരുന്ന കയറ്റുമതി കഴിഞ്ഞ മാസം 14,840 യൂണിറ്റായിരുന്നു.

ഹീറോ മോട്ടോകോര്‍പ്പിന്റെ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, മെയ് മാസത്തില്‍ മൊത്തം വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2 ശതമാനം വര്‍ധിച്ച് 5,07,701 യൂണിറ്റായി.

ഡീലര്‍മാര്‍ക്കുള്ള ആഭ്യന്തര കയറ്റുമതി കഴിഞ്ഞ മാസം 4,88,997 യൂണിറ്റായി ഉയര്‍ന്നു. കയറ്റുമതിയിലും നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 18,673 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കില്‍ കഴിഞ്ഞ മാസം ഇത് 18,704 യൂണിറ്റുകളായി ഉയര്‍ന്നു. 

Tags:    

Similar News