രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ടെസ്ല

സെപ്റ്റംബര്‍ പാദത്തോടെ മൂന്ന് ചാര്‍ജിംഗ് സൗകര്യങ്ങള്‍ കൂടി കമ്പനി സ്ഥാപിക്കും

Update: 2025-08-04 08:27 GMT

ആഗോള ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യം ആരംഭിച്ചു. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ വണ്‍ ബികെസിയിലാണ് അദ്യത്തെ ചാര്‍ജിംഗ് സൗകര്യം കമ്പനി സ്ഥാപിച്ചത്. ടെസ്ല ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉണ്ടെന്ന് കമ്പനി അറിയിച്ചു.

സെപ്റ്റംബര്‍ പാദത്തോടെ ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതം ഉള്‍പ്പെടെ മൂന്ന് സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

ജൂലൈ 15 ന് 59.89 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന മോഡല്‍ വൈ -യെ പുറത്തിറക്കിക്കൊണ്ട് ടെസ്ല ഇന്ത്യയില്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു.

നേരത്തെ ടെസ്ല രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവക്കെതിരെ രംഗത്തുവന്നിരുന്നു. തീരുവ കുറച്ചശേഷമാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ്. ചൈനയിലെ ഷാങ്ഹായ് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റായാണ് കാറുകള്‍ ഇറക്കുമതി ചെയ്യുക.

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായിരുന്ന ഇടത്തരം ഇലക്ട്രിക് എസ്യുവി മോഡല്‍ വൈ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും - 59.89 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള റിയര്‍-വീല്‍ ഡ്രൈവ്, 67.89 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ലോംഗ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്.

രണ്ട് വകഭേദങ്ങളുടെയും ഡെലിവറികള്‍ യഥാക്രമം 2025 ലെ മൂന്നാമത്തെയും നാലാമത്തെയും പാദത്തില്‍ ആരംഭിക്കും. 

Tags:    

Similar News