പൊതുമേഖല ബാങ്ക് ലയനം; ചര്‍ച്ചകള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
ചെറുകിട ബാങ്കുകളെ വന്‍കിട പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കും
പൊതുമേഖല ബാങ്ക് ലയന ചര്‍ച്ചകള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 2027 സാമ്പത്തിക വര്‍ഷത്തില്‍ മന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫീസും വിഷയം അന്തിമ പരിഗണനയ്ക്കെടുക്കും.
ആഗോളതലത്തില്‍ മുന്‍നിര 20 ബാങ്കുകളുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി ചെറുകിട ബാങ്കുകളെ വന്‍കിട പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ 2027 വരെ നീളുമെന്നുമാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.
2021ല്‍ പ്രഖ്യാപിച്ച ന്യൂ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസ് പോളിസി പ്രകാരമാണ് ബാങ്ക് ലയനം നടക്കുക. ചെറിയ പൊതുമേഖലാ ബാങ്കുകള്‍ക്ക് വന്‍കിട ലോണുകള്‍ ഉള്‍പ്പെട നല്‍കുന്നതിന് പരിമിതികളുണ്ട്. വന്‍കിട ബാങ്കുകളുമായി ലയിക്കുമ്പോള്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും, റിസ്‌ക് മാനേജ്മന്റ് ഫലപ്രദമായി നടപ്പാക്കാനും, ഭീമമായ ലോണുകള്‍ അനുവദിക്കാനുമെല്ലാം സാധിക്കും.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയില്‍ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിനോടും യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്.
