48 മണിക്കൂറിനുള്ളില്‍ 98.5 ശതമാനം റീഫണ്ട്, താല്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കില്ല: ബൈജൂസ്

Update: 2022-12-24 08:36 GMT


വിവാദത്തിലായ ബൈജുസ്, അവരുടെ സേവനങ്ങളില്‍ താല്പര്യമില്ലാത്തവര്‍ക്ക് അപേക്ഷ ലഭിച്ച്

48 മണിക്കൂറിനുള്ളില്‍ 98.5 ശതമാനം ഫീസും റീഫണ്ട് ചെയ്യുമെന്ന് ദേശീയ ബാലാവകാശ കമ്മീഷനെ അറിയിച്ചു. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു വന്നതിനു പിന്നാലെയാണ് കമ്പനി രംഗത്തെത്തിയത്.

കമ്പനിയുടെ ഉത്പന്നങ്ങളിലോ സേവനങ്ങളിലോ താല്പര്യമില്ലാത്ത ഉപഭോക്താക്കളെ നിര്‍ബന്ധിക്കാന്‍ സെയില്‍സ് സ്റ്റാഫിനെയോ മാനേജര്‍മാരെയോ പ്രോത്സാഹിപ്പിക്കില്ലെന്നും ബൈജൂസ് വ്യക്തമാക്കി. കമ്പനിയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രേഖാമൂലമുള്ള റീഫണ്ട് പോളിസി ഉണ്ടെന്നും ഇതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് അറിവ് നല്‍കുന്നുണ്ടെന്നും ബൈജൂസ് പ്രസ്താവിച്ചു. ഔദ്യോഗിക ചാനലുകള്‍ വഴി ലഭിക്കുന്ന റീഫണ്ട് അഭ്യര്‍ത്ഥനകളില്‍ 98 .5 ശതമാനവും 48 മണിക്കൂറില്‍ തന്നെ പ്രോസസ്സ് ചെയ്യപ്പെടുമെന്നും വ്യക്തമാക്കി.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) വിഷയം ശ്രദ്ധയില്‍പെടുത്തി ഡിസംബര്‍ 23 ന് ഹാജരാകാന്‍ ബൈജുവിന്റെ സിഇഒ ബൈജു രവീന്ദ്രനെ സമന്‍സ് അയച്ചിരുന്നു.

എസ്എംഎസ്, ഫോണ്‍ കോള്‍, വീഡിയോ കോള്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ വിളിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രമേ തങ്ങളുടെ സേവനങ്ങള്‍ അവര്‍ക്കു നല്‍കുന്നുവെന്നും, താല്പര്യമില്ലാത്ത ആളുകളെ തുടരുന്നതിനു നിര്‍ബന്ധിക്കാറില്ലായെന്നും ബൈജൂസ് അറിയിച്ചു.


Tags:    

Similar News