ബൈജു രവീന്ദ്രന്‍ ബൈജൂസിലെ ഓഹരി വിഹിതം ഉയര്‍ത്തുന്നു

Update: 2023-01-05 06:38 GMT


പ്രമുഖ എഡ്‌ടെക്ക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകര്‍ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും കമ്പനിയില്‍ തങ്ങളുടെ ഓഹരി വിഹിതം കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കൈവശമുള്ള ഓഹരികള്‍ 40 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 25 ശതമാനം ഓഹരികളാണ് അവരുടെ കൈവശമുള്ളത്. ഇതിനായി ഫണ്ട് കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഓഹരികള്‍ തിരിച്ചു വാങ്ങുന്നതിനുള്ള തുക സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ്, ബൈജു രവീന്ദ്രന്‍ 800 മില്യണ്‍ ഡോളര്‍ സമാഹരിച്ച് 23 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തിയത്. 

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 232 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,588 കോടി രൂപയായി വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചോടെ ലാഭത്തിലാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കരെ പിരിച്ചു വിടുന്നതടക്കമുള്ള പല നടപടികളും കമ്പനി സ്വീകരിച്ചിരുന്നു.

ചാന്‍ സുക്കെര്‍ബെര്‍ഗ് ഇനിഷിയേറ്റീവ്, പ്രോസസ് വെഞ്ചേഴ്സ് , സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, സില്‍വര്‍ ലേക്ക്, ഓള്‍ വെഞ്ചേഴ്സ്, എന്നിവരാണ് ബൈജൂസില്‍ നിക്ഷേപിച്ചിട്ടുള്ള പ്രധാന നിക്ഷേപകര്‍. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കമുള്ള നിലവിലുള്ള നിക്ഷേപകരില്‍ നിന്നും 250 മില്യണ്‍ ഡോളര്‍ കമ്പനി അവസാനമായി സമാഹരിച്ചിരുന്നത്.


Tags:    

Similar News