കാനറ ബാങ്കിന് 2.92 കോടി രൂപ പിഴ ചുമത്തി ആർബിഐ

  • പലിശ എംസിഎല്‍ആറുമായി ബന്ധിപ്പിക്കുന്നതില്‍ വീഴ്ച
  • എസ്എംഎസ് അലര്‍ട്ടുകള്‍ സൃഷ്ടിച്ചതില്‍ ലംഘനം
  • ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമിന് കീഴിൽ പലിശ നല്‍കുന്നതില്‍ വീഴ്ച

Update: 2023-05-12 16:10 GMT

വിവിധ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കാനറ ബാങ്കിന് 2.92 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിലും യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറന്നതിലും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.  2021 മാർച്ച് 31-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയത്തിനായി ഒരു നിയമാനുസൃത പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫ്ലോട്ടിംഗ് റേറ്റ് റീട്ടെയിൽ വായ്പകളുടെയും എംഎസ്എംഇ വായ്പകളുടെയും പലിശ ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും 2020-21 സാമ്പത്തിക വർഷത്തിൽ അനുവദിച്ചതും പുതുക്കിയതുമായ ഫ്ലോട്ടിംഗ് റേറ്റ് രൂപ വായ്പകളുടെ പലിശ അതിന്റെ മാർജിനൽ കോസ്റ്റ് വായ്പാ നിരക്കിനോട് (എംസിഎല്‍ആര്‍) ബന്ധിപ്പിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആര്‍ബിഐ കണ്ടെത്തി. 

നിരവധി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ ഡമ്മി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുന്നതിലും ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമിന് കീഴിൽ സ്വീകരിച്ച നിക്ഷേപങ്ങളില്‍ പലിശ നൽകുന്നതിലും അക്കൗണ്ടുകൾ തുറന്ന് 24 മാസത്തിന്‍റെ കാലാവധി പൂര്‍ത്തിയാകുന്നതിന് അവ പിൻവലിക്കപ്പെട്ടതിലും ബാങ്കിന്‍റെ ഭാഗത്തു നിന്ന് ലംഘനങ്ങള്‍ കണ്ടെത്തി. എസ്എംഎസ് അലേർട്ട് ചാർജുകൾ ഇടപാടുകാരിൽ നിന്ന് ബാങ്ക് തിരിച്ചുപിടിച്ചത് യഥാർത്ഥ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇടപാടുകൾ ഉപഭോക്തൃ പ്രൊഫൈലുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ അലർട്ടുകൾ സൃഷ്ടിക്കുന്നതിന് ശക്തമായ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആർബിഐ പറഞ്ഞു.

വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ നോട്ടീസുകൾക്കും വാക്കാലുള്ള നിവേദനങ്ങൾക്കുമുള്ള ബാങ്കിന്റെ മറുപടികൾ പരിഗണിച്ച ശേഷമാണ് പിഴ ചുമത്തുന്നതിനെ കുറിച്ചുള്ള നിഗമനത്തിൽ എത്തിയതെന്ന് ആർബിഐ അറിയിച്ചു. എന്നിരുന്നാലും, കാനറ ബാങ്കിന് പിഴ ചുമത്തുന്നത് റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ആർബിഐ കൂട്ടിച്ചേർത്തു.

Tags:    

Similar News