ടിസിഎസ് ഓഹരി ഒന്നിന് 75 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ചു

Update: 2023-01-10 09:02 GMT


നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം വന്നതിനൊപ്പം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഇടക്കാല ഡിവിഡന്‍ഡും, പ്രത്യേക ഡിവിഡന്‍ഡും പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് ഇടക്കാല ഡിവിഡന്റായി 8 രൂപയും, പ്രത്യേക ഡിവിഡന്റായി 67 രൂപയുമാണ് നല്‍കുക. ഇതോടെ ഈ പാദത്തില്‍ ഓഹരി ഒന്നിന് ആകെ 75 രൂപയുടെ ലാഭവിഹിതമാണ് ലഭിക്കുക. ഇതിനു മുന്‍പുള്ള പാദങ്ങളിലും കമ്പനി ഓഹരി ഒന്നിന് 8 രൂപ നിരക്കില്‍ രണ്ട് തവണ ലാഭ വിഹിതം നല്‍കിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനി ഓഹരി ഒന്നിന് 91 രൂപയുടെ ഡിവിഡന്‍ഡാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും, അതിനു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലും യഥാക്രമം 43 രൂപ, 38 രൂപ എന്നിങ്ങനെയാണ് ഡിവിഡന്റ് നല്‍കിയത്.

2004 ല്‍ കമ്പനി ലിസ്റ്റ് ചെയ്തത് മുതല്‍ 2022 വരെ ഓഹരി ഉടമകള്‍ക്ക് ശരാശരി 45.75 രൂപയാണ് ഡിവിഡന്റായി ലഭിച്ചിട്ടുള്ളത്. ഇതിനു മുന്‍പ് 2015 ലാണ് എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയത്. ഓഹരി ഒന്നിന് 79 രൂപയാണ് അന്ന് ഡിവിഡന്‍ഡായി നല്‍കിയത്. 2020 ല്‍ ഓഹരി ഒന്നിന് 73 രൂപ നിരക്കിലും നല്‍കിയിട്ടുണ്ട്.

മൂന്നാം പാദത്തില്‍ ടിസിഎസിന്റെ അറ്റാദായം 10,846 കോടി രൂപയായി. തുടര്‍ച്ചയായ രണ്ടാം പാദത്തിലും കമ്പനിയുടെ ലാഭം 10,000 കോടി രൂപ മറികടന്നു.


Tags:    

Similar News