ലേല വിപണി പിടിച്ച് ഏലം, വേനല്‍മഴയില്‍ കണ്ണ് നട്ട് കുരുമുളക്

  • റബര്‍ ടാപ്പിംഗ് മേഖല വരണ്ട കാലാവസ്ഥയെ തുടര്‍ന്ന് പുര്‍ണ്ണമായി നിലച്ചതിനാല്‍ കൊച്ചി, കോട്ടയം വിപണികളില്‍ വില്‍പ്പനക്കാര്‍ കുറവാണ്

Update: 2023-03-14 11:30 GMT

ഏലം വ്യാപാരികള്‍ വീണ്ടും ലേല കേന്ദ്രങ്ങളില്‍ കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കി. ഈസ്റ്ററിന് മുന്നോടിയുള്ള ചരക്ക് സംഭരണം കയറ്റുമതി മേഖല ശക്തമാക്കിയ അവസരത്തിലാണ് അരലക്ഷം കിലോയില്‍ അധികം ഏലക്കയാണ് ലേലത്തിന് ഇറക്കിയത്. ഇന്നലെ ഇടപാടുകള്‍ നടന്നതിനെക്കാള്‍ ഏകദേശം 23,000 കിലോ കൂടുതലാണ് ഇന്ന് വന്നത്.

ഓഫ് സീസണായതിനാല്‍ വരവ് ചുരുങ്ങുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഹൈറേഞ്ചിലെ കര്‍ഷകരില്‍ ഏറിയ പങ്കും. എന്നാല്‍ സ്റ്റോക്കിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത നീക്കം തിരിച്ചടിയായി.

53,149 കിലോഗ്രാം ഏലക്കയുടെ ലേലം ഇന്ന് നടന്നു. ആഭ്യന്തര വിദേശ ഇടപാടുകാര്‍ ഏലക്കയില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 2226 രൂപയിലും ശരാശരി ഇനങ്ങള്‍ 1344 രൂപയിലും ലേലം നടന്നു. ഇതിനിടയില്‍ മലയോര മേഖലയുടെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ ലഭ്യമായത് ഏലം കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. തുടര്‍ മഴ ലഭ്യമായാല്‍ അടുത്ത സീസണില്‍ ഉത്പന്നത്തിന്റെ ഗുണമേന്മ മെച്ചപ്പെടും.

സാമ്പത്തിക മാന്ദ്യം മറയാക്കി ടയര്‍ ലോബി

സാമ്പത്തിക മാന്ദ്യം മറയാക്കി ടയര്‍ ലോബി റബര്‍ സംഭരണം നിയന്ത്രിച്ച് വില ഇടിക്കാനുളള ശ്രമത്തിലാണ്. റബര്‍ ടാപ്പിംഗ് മേഖല വരണ്ട കാലാവസ്ഥയെ തുടര്‍ന്ന് പുര്‍ണ്ണമായി നിലച്ചതിനാല്‍ കൊച്ചി, കോട്ടയം വിപണികളില്‍ വില്‍പ്പനക്കാര്‍ കുറവാണ്. വ്യവസായികളുമായി കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടാലും ഷീറ്റ് ശേഖരിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവരുന്ന നിലപാടിലാണ് ഏജന്റുമാരും. വിദേശ മാര്‍ക്കറ്റുകളിലെ തളര്‍ച്ച മറയാക്കിയാണ് വ്യവസായികള്‍ നിരക്ക് കുറക്കാന്‍ ശ്രമം നടത്തുന്നതെങ്കിലും ഉത്പാദന മേഖലയില്‍ ഷീറ്റ്, ലാറ്റക്സ് സ്റ്റോക്ക് നാമമാത്രമായി ചുരുങ്ങി. നാലാം ഗ്രേഡ് കിലോ 143 രൂപയിലും ലാറ്റക്സ് കിലോ 90 രൂപയിലും വിപണനം നടന്നു.

വേനല്‍മഴ കാത്ത് കുരുമുളക്

വേനല്‍മഴ അടുത്ത സീസണില്‍ കുരുമുളക് ഉത്പാദനത്തിന് അനുകൂലമായതിനാല്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്. പിന്നിട്ട രണ്ട് ദിവസമായി പല ഭാഗങ്ങളില്‍ ചെറിയതോതില്‍ മഴ ലഭ്യമായെങ്കിലും വരും ദിനങ്ങളില്‍ ലഭ്യത ഉയരുമോയെന്ന് ഉറ്റ് നോക്കുകയാണ് കര്‍ഷകര്‍. ഉത്തരേന്ത്യന്‍ വ്യാപാരികളും കയറ്റുമതിക്കാരും സുഗന്വ്യഞ്ജന വിപണിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൊച്ചി കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് 48,900 രൂപ.


Full View


Tags:    

Similar News