തകര്‍പ്പന്‍ ഫോമില്‍ ഏലം, തേയില കര്‍ഷകര്‍ക്ക് തിരിച്ചടി

  • ചെറുകിട വ്യവസായികള്‍ വരവ് ചരക്ക് ശേഖരിക്കാന്‍ ഉത്സാഹിച്ചത് കേരളത്തിലെ ചെറുകിട തേയില ഉത്പാദകരുടെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായി

Update: 2023-03-01 11:30 GMT

ഏലക്ക തകര്‍പ്പന്‍ ഫോമില്‍ വന്‍ മന്നേറ്റം കാഴ്ച്ചവെച്ചു. നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ വിദേശ ഓര്‍ഡറുകളുടെ പിന്‍ബലത്തില്‍ മികച്ചയിനങ്ങളുടെ വില കിലോഗ്രാമിന് 4006 രൂപയായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ഏലത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 60,378 കിലോ ഏലക്കയുടെ കൈമാറ്റമാണ് ഇന്ന് നടന്നത്. ഹോളി ദിനങ്ങള്‍ അടുത്തതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്പന്നത്തിന് ആവശ്യക്കാരേറുന്നുണ്ട്.

ശരാശരി ഇനങ്ങള്‍ ഇതിനകം 1500 രൂപയ്ക്ക് മുകളില്‍ ഇടംപിടിച്ചു. വേനല്‍ കടുത്തതോടെ തോട്ടം മേഖല കനത്ത വരള്‍ച്ചയുടെ പിടിയിലേയ്ക്ക് തിരിയുകയാണ്. കര്‍ഷകര്‍ക്ക് ആവശ്യമായ ജലസേചന സൗകര്യം ഒരുക്കാന്‍ കൃഷി വകുപ്പ് മുന്‍ കൈയെടുത്താല്‍ മാത്രം അടുത്ത സീസണില്‍ ഉത്പാദനം ഉയര്‍ത്താന്‍ അവസരം ലഭിക്കുകയുള്ളു.

കേരളത്തിലെ തേയില കര്‍ഷകര്‍ക്ക് തിരിച്ചടി

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തേയില കേരളത്തിലേയ്ക്ക് എത്തുന്നത് കൊളുന്ത് വിലയെ പ്രതികൂലമായി ബാധിക്കുന്നതായി ചെറുകിട തേയില കര്‍ഷകര്‍. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കൊളുന്ത് നുള്ളല്‍ തടസപ്പെട്ടതിനിടയിലാണ് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ചരക്ക് മൂന്നാര്‍ മേഖലയില്‍ വില്‍പ്പനയ്ക്ക് എത്തിയത്. ചെറുകിട വ്യവസായികള്‍ വരവ് ചരക്ക് ശേഖരിക്കാന്‍ ഉത്സാഹിച്ചത് കേരളത്തിലെ ചെറുകിട തേയില ഉത്പാദകരുടെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായി.

പിന്‍വലിഞ്ഞ് റബര്‍

ടയര്‍ മേഖലയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ കുറഞ്ഞതിനൊപ്പം സ്റ്റോക്കിസ്റ്റുകളും റബര്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് കൊച്ചി, കോട്ടയം വിപണികളില്‍ നാലാം ഗ്രേഡ് കിലോ 143 രൂപയായി ഉയര്‍ന്നു. വിദേശ മാര്‍ക്കറ്റുകളിലും ഇന്ന് വിലയില്‍ കാര്യമായ മാറ്റമില്ല. ബാങ്കോക്കില്‍ 143 രൂപയിലാണ് ഇടപാടുകള്‍ നടന്നത്. അതേ സമയം ചൈനയില്‍ റബര്‍ വിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി.

Full View


Tags:    

Similar News