പാംഓയില്‍ ഭീതിയില്‍ നാളികേരം; മഴക്കൊരുങ്ങി റബ്ബര്‍

  • ഏലം ലേലത്തില്‍ മികച്ച വില്‍പ്പന
  • ചരക്കുനീക്കത്തിലെ നിയന്ത്രണം കുരുമുളകിന് താങ്ങായി
  • റബ്ബര്‍ ഉല്‍പ്പാദനം കുറഞ്ഞേക്കും

Update: 2023-06-01 16:09 GMT

കാലവർഷം ഇനിയും രാജ്യത്ത്‌പ്രവേശിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത്‌ പകൽ താപനിലയിലുണ്ടായ മാറ്റവും പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടതും മൺസൂണ്‍ അധികം വൈകാതെ ശക്തി പ്രാപിക്കുമെന്ന പ്രതീക്ഷകളുണര്‍ത്തി. ന്യൂനമർദ്ദത്തെ തുടർന്ന്‌ ശ്രീലങ്കൻ ഭാഗത്ത്‌ രൂപം കൊണ്ട്‌ ചക്രവാതചൂഴിയെ തുടർന്നുള്ള മഴയാണ്‌ ഇപ്പോൾ സംസ്ഥാനത്ത്‌ ലഭ്യമാവുന്നത്‌. ചെറുകിട റബർ കർഷകർ കാലാവസ്ഥയിലെ കണ്ട്‌ റബർ മരങ്ങളിൽ റെയിൻ ഗാർഡുകൾ ഇട്ട്‌ തുടങ്ങി. അടുത്ത വാരം മദ്ധ്യതോടെ ഇത്‌ പുർത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ പലരും. ഒരു പരിധി വരെ മഴയ്‌ക്ക്‌ ഇടയിലും റബർ ടാപ്പിങ്‌ മുടക്കം വരുത്താതെ വെട്ടാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ.

അതേ സമയം ഒട്ടുമിക്ക വൻകിട തോട്ടങ്ങളിലും കാര്യമായ പണികൾ ഒന്നും ഇനിയും ആരംഭിച്ചിട്ടില്ല. ഷീറ്റ്‌ വില താഴ്‌ന്ന നിലവാരത്തിൽ തുടരുന്നതും ഉയർന്ന കാർഷിക ചിലവുകളും തോട്ടങ്ങളെ റെയിൻഗാർഡിൽ നിന്നും പിൻതിരിപ്പിക്കുന്നു. പല തോട്ടങ്ങളും വള പ്രായോഗങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതിനാൽ കേരളത്തിൽ റബർ ഉൽപാദനം കുറയാൻ ഇടയാക്കും. നാലാം ഗ്രേഡ്‌ റബർ 15,700 രൂപയായി താഴ്‌ന്നാണ് ഇന്ന്‌ വിപണനം നടന്നത്. 

സിംഗപ്പുർ വിപണിയിൽ പാം ഓയിലിന്‌ നേരിട്ട വില തകർച്ച ഇന്ത്യൻ മാർക്കറ്റിൽ ഭക്ഷ്യയെണ്ണ വിലകൾ വീണ്ടും കുറയുന്ന അവസ്ഥ സൃഷ്‌ടിക്കും. പുതിയ സാഹചര്യത്തിൽ മുഖ്യ ഉൽപാദന രാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും വില ഇടിച്ച്‌ ചരക്ക്‌ കയറ്റുമതിക്ക്‌ നീക്കം നടത്താം. അതായത്‌ അവരുടെ മുഖ്യ കയറ്റുമതി രാജ്യമെന്ന നിലയ്‌ക്ക്‌ വൻതോതിൽ പാംഓയിൽ എത്തുക ഇന്ത്യയിലാവും, ഇത്‌ നാളികേര വിപണിയെ പ്രതികൂലമായി ബാധിക്കും. ഇതിനകം തന്നെ കനത്ത വില തകർച്ചയിൽ നീങ്ങുന്ന വെളിച്ചെണ്ണയും കൊപ്രയും കൂടുതൽ പ്രതിസന്‌ധിയിൽ അകപ്പെടാം. മുഖ്യ വിപണികളിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.

ഈ മാസത്തെ ആദ്യ ഏലക്ക ലേലത്തിൽ 36,178 കിലോഗ്രാം ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ വന്നതിൽ 33,874 കിലോയും ഇടപാടുകാർ വാങ്ങി കൂട്ടി. ഹൈറേഞ്ചിൽ നടന്ന ലേലത്തിൽ ഏലക്ക ശേഖരിക്കാൻ ആഭ്യന്തര വ്യാപാരികൾക്കും വ്യവസായികൾക്കും ഒപ്പം കയറ്റുമതി സമൂഹവും താൽപര്യം കാണിച്ചു. മികച്ചയിനങ്ങൾ കിലോ 1785 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1026 രൂപയിലും കൈമാറി.

കുരുമുളക്‌ വില ഇടിവ്‌ തടയാൻ ഉൽപാദകർ ചരക്ക്‌ നീക്കം കൂടുതൽ നിയന്ത്രിച്ചത്‌ ഉൽപ്പന്ന വിലയ്ക്ക് താങ്ങ്‌ പകർന്നു. കൊച്ചിയിൽ ഗാർബിൾഡ്‌ മുളക്‌ വില 50,900 രൂപ. സ്വർണ വില ഇന്ന് ഇടിവ് പ്രകടമാക്കി. ആഭരണ വിപണികളിൽ പവന്‌ 120 രൂപ കുറഞ്ഞ്‌ 44,680ൽ നിന്നും 44,560 രൂപയായി. ഗ്രാമിന്‌ 15 രൂപ താഴ്‌ന്ന്‌ 5570 രൂപയിൽ ഇടപാടുകൾ നടന്നു. കറന്‍സി വിനിമയത്തില്‍ രൂപയുടെ മൂല്യം 82.74 ൽ നിന്നും 82.41 ലേയ്‌ക്ക്‌ കരുത്ത്‌ നേടിയത്‌ ആഭ്യന്തര സ്വർണ വില കുറയാൻ അവസരം ഒരുക്കി. അതേ സമയം അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1968 ഡോളറായി ഉയർന്നു.  

Tags:    

Similar News