പൊന്നിന് തിളക്കം കൂടുന്നു; പവന് വില 73000 രൂപയിലേക്ക്

  • സ്വര്‍ണം ഗ്രാമിന് 9080 രൂപ
  • പവന് 72640 രൂപ

Update: 2025-06-03 04:47 GMT

സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9080 രൂപയായി ഉയര്‍ന്നു. പവന് 72640 രൂപയുമായി. ഇന്നലെ രണ്ടു തവണയായി 1120 രൂപ വര്‍ധിച്ച് ഉപഭോക്താക്കളെ സ്വര്‍ണവിപണി ഞെട്ടിച്ചിരുന്നു. രാവിലെ വില വര്‍ധിച്ചതിനുശേഷം ഉച്ചക്ക് 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണത്തിന് രണ്ടു ദിവസം കൊണ്ട് 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

18 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7445 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയായി തുടരുന്നു.

രാജ്യങ്ങള്‍ക്കെതിരായ താരിഫ് യുദ്ധത്തില്‍ യുഎസ് കൂടുതല്‍ കടുംപിടുത്തത്തിലേക്ക് നീങ്ങിയതാണ് ഇന്നലെ സ്വര്‍ണവിപണിയില്‍ വില കുതിക്കാനിടയാക്കിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ഈ നടപടി വിപണിയില്‍ ആശങ്ക സൃഷ്ടിച്ചു. ഡോളറിന്റെ മൂല്യം കുറയുകയും ചെയ്തപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറി. ഇത് പൊന്നിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില കൂട്ടുകയും ചെയ്തു.

ഇന്നും മികച്ച നിക്ഷേപ മാര്‍ഗമായി ജനം കരുതുന്നത് ഈ മഞ്ഞലോഹത്തെയാണ് എന്നതാണ് വിലവര്‍ധനവിലൂടെ മനസിലാകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ സംസ്ഥാനത്തും പ്രതിഫലിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 33909 ഡോളര്‍വരെ ഉയര്‍ന്നശേഷം 3370 ലേക്ക് താഴ്ന്നു. 

Tags:    

Similar News