ആഗോള വിപണികളില്‍ കാപ്പി മണം, രാജ്യം ഭരിക്കുന്നത് സുഗന്ധ വ്യഞ്ജനങ്ങള്‍
- മണ്‍സൂണിന്റെ വരവ് അല്‍പ്പം വൈകുമെന്ന സുചനകള്‍ ഏലക്ക ലേലത്തില്‍ വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കാപ്പി വന്‍ മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണില്‍ കയറ്റുമതിയില്‍ രണ്ട് ശതമാനം വര്‍ദ്ധനയാണ് കണക്ക് കൂട്ടുന്നത്. ആഗോള തലത്തില്‍ കാപ്പി ഉല്‍പാദനത്തില്‍ അനുഭവപ്പെടുന്ന കുറവ് ഉല്‍പ്പന്ന വില നിത്യേനെ ഉയര്‍ത്തുന്നു. അറബിക്ക കാപ്പി വില 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് രാജ്യാന്തര വിപണിയില്‍ ഇടപാടുകള്‍ പുരോഗമിക്കുന്നത്. റോബസ്റ്റ കാപ്പി വിലയിലും ഉണര്‍വ് കണ്ടു. മുഖ്യ ഉത്പാദന രാജ്യങ്ങളായ ബ്രസീല്‍, ഇന്തോനേഷ്യ, വിയറ്റ്നാം, കൊളംബിയ എന്നിവിടങ്ങളില്‍ കാപ്പി ഉത്പാദനം പ്രതികൂല കാലാവസ്ഥ മൂലം നേരത്തെ പ്രതീക്ഷിച്ചതിലും കുറയുമെന്ന് വ്യക്തമായതാണ് വിലക്കയറ്റത്തിന് വേഗത പകര്‍ന്നു. അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും കാപ്പിയില്‍ താല്‍പര്യം നിലനിര്‍ത്തി. സംഘര്‍ഷാവസ്ഥ തുടരുന്നു റഷ്യയില്‍ നിന്നും ഉക്രൈയില്‍ നിന്നും കാപ്പിക്ക് ഡിമാന്റ്റുണ്ട്. സംസ്ഥാനത്ത് കാപ്പി വില കിലോ 230 രൂപയിലെത്തി.
രാജ്യം ഭരിക്കുന്നത് സുഗന്ധ വ്യഞ്ജനങ്ങള്‍
ഉത്തരേന്ത്യന്‍ വിപണികള്‍ ഉത്സവകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള സുഗന്ധവ്യഞ്ജന സംഭരണത്തിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യകാരുടെ വരവ് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. വടക്കെ ഇന്ത്യയില്‍ നിന്നുള്ള വന്‍കിട പൗഡര്‍ യൂണിറ്റുകള്‍ മുളകും, മഞ്ഞളും ചുക്കും ജാതിക്കയുമെല്ലാം മുന്നിലുള്ള മാസങ്ങളില്‍ ശേഖരിക്കാന്‍ വിപണിയില്‍ ഇറങ്ങുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കും. മലയോര മേഖലയിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും പുതിയ വാങ്ങലുകാരുടെ വരവിനെ ഉറ്റുനോക്കുകയാണ്. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 49,200 രൂപയില്‍ വിപണനം നടന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുക് വില ടണ്ണിന് 6350 ഡോളറാണ്.
മണ്‍സൂണിന്റെ വരവ് അല്‍പ്പം വൈകുമെന്ന സുചനകള്‍ ഏലക്ക ലേലത്തില്‍ വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തി. ഉത്പന്നം സംഭരിക്കാന്‍ ആഭ്യന്തര വിദേശ ഇടപാടുകാര്‍ പ്രകടിപ്പിച്ച ഉത്സാഹം തേക്കടിയില്‍ ഇന്ന് നടന്ന ലേലത്തില്‍ വിവിധയിനങ്ങളും നിരക്ക് മെച്ചപ്പെടുത്തി. മികച്ചയിനം ഏലക്ക കിലോ 1695 രൂപയിലും ശരാശരി ഇനങ്ങള്‍ 1082 രൂപയിലും കൈമാറ്റം നടന്നു. മൊത്തം 46,241 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 42,572 കിലോയും വിറ്റഴിഞ്ഞു.
വില ഇടിഞ്ഞ് കൊപ്ര
കൊപ്രയ്ക്ക് നേരിട്ട വില തകര്‍ച്ച കണ്ട് കാര്‍ഷിക മേഖല പച്ചതേങ്ങ വില്‍പ്പനയ്ക്ക് തിടുക്കം കാണിക്കുന്നു. നിരക്ക് വീണ്ടും ഇടിയും മുന്നേ പുതിയ വിളവ് വിറ്റുമാറാനുള്ള തിടുക്കം പല ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. കാര്‍ഷിക മേഖലകളിലെ ചെറുകിട വിപണികളില്‍ വരവ് ശക്തമാണ്. കാങ്കയം മാര്‍ക്കറ്റില്‍ കൊപ്രയ്ക്ക് 8000 രൂപയിലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ടത് ഉത്പാദകരില്‍ പരിഭ്രാന്തി പരത്തി.
