വിപണിയോട് മുഖം തിരിഞ്ഞ് റബ്ബര്‍, ഇന്ത്യ ലക്ഷ്യമാക്കി വിദേശ കുരുമുളക്

  • കാര്‍ഷിക മേഖല പച്ചതേങ്ങയും കൊപ്രയും വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്.

Update: 2023-04-13 11:45 GMT

വിഷുവിന് മുന്നോടിയായി ഉയര്‍ന്ന അളവില്‍ റബര്‍ വില്‍പ്പനയ്ക്ക് ഇറക്കാന്‍ കാര്‍ഷിക മേഖല രംഗത്ത് ഇറങ്ങുമെന്ന ടയര്‍ വ്യവസായികള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. നേരത്തെ ഈസ്റ്റര്‍ വേളയിലും വില്‍പ്പന സമ്മര്‍ദ്ദം ടയര്‍ കമ്പനികള്‍ പ്രതീക്ഷിച്ചെങ്കിലും റബറിന് വില്‍പ്പനക്കാരില്ലായിരുന്നു. സംസ്ഥാനത്ത് ടാപ്പിങ് നിലച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ കര്‍ഷക കുടുംബങ്ങളില്‍ റബര്‍ സ്റ്റോക്കില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വ്യവസായികള്‍ തയ്യാറായില്ല. റബര്‍ വില ഉയര്‍ത്താതെ വിപണിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിലാണവര്‍. എന്നാല്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തി സ്റ്റോക്കിസ്റ്റുകളുടെ ക്ഷമ പരീക്ഷിക്കാനുള്ള വ്യവസായിക നീക്കം എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാലാം ഗ്രേഡ് കിലോ 149 രൂപയിലും അഞ്ചാം ഗ്രേഡ് 147 രൂപയിലുമാണ്.

ഇന്ത്യ ലക്ഷ്യമാക്കി വിദേശ കുരുമുളക്

ഇന്ത്യന്‍ വിപണിയില്‍ കുരുമുളക് വില കിലോ 500 രൂപയെ ചുറ്റി പറ്റി നീങ്ങുന്നതിനാല്‍ വിദേശ ചരക്ക് ഇറക്കുമതിക്ക് തിരക്കിട്ട നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ദുബായ് കേന്ദ്രീകരിച്ച് വിയറ്റ്നാം ചരക്ക് മുംബൈയില്‍ എത്തിക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്. വിലയിലെ വന്‍ അന്തരം ഇരട്ടി ലാഭത്തിന് അവസരം ഒരുക്കുമെന്നത് വ്യവസായികളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നു. ശ്രീലങ്കയില്‍ നിന്നുള്ള 2500 ടണ്‍ കുരുമുളക് നികുതി രഹിതമായി എത്തുന്നതിന് മുമ്പേ വിയറ്റ്നാം മുളക് ഇറക്കുമതി നടത്താനാണ് നീക്കം. വിയറ്റ്നാമില്‍ കിലോ 250 രൂപയ്ക്ക് മുളക് ലഭ്യമാണ്, അവര്‍ അന്താരാഷ്ട്ര വിപണിയില്‍ ടണ്ണിന് 3300 ഡോളറിന് വില്‍പ്പന നടത്തുമ്പോള്‍ ഇന്ത്യന്‍ വില 6300 ഡോളറാണ്.

പ്രാദേശിക വിപണികള്‍ പിടിച്ച് ഏലം

വിഷുവിനോട് അനുബന്ധിച്ചുള്ള ഏലക്ക വില്‍പ്പന പ്രദേശിക വിപണികളില്‍ മുന്നേറുന്നു. അതേ സമയം ലേല കേന്ദ്രങ്ങളില്‍ നിന്നും ആഭ്യന്തര ഇടപാടുകാര്‍ അല്‍പ്പം പിന്‍വലിഞ്ഞത് ഉത്പന്ന വിലയെ ബാധിച്ചു. ഇന്ന് ലേലത്തിന് എത്തിയ 47,527 കിലോ ഏലക്കയില്‍ 42,000 കിലോ മാത്രമേ വിറ്റഴിഞ്ഞുള്ളു. ഡിമാന്റ്് മങ്ങിയത് മൂലം ശരാശരി ഇനങ്ങള്‍ 1328 രൂപയായും മികച്ചയിനങ്ങള്‍ 1828 രൂപയായും താഴ്ന്നു.

വിലയില്‍ മാറ്റമില്ലാതെ നാളികേരം

നാളികേരോത്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. വിഷു വില്‍പ്പനയില്‍ വെളിച്ചെണ്ണയ്ക്ക് പ്രദേശിക തലത്തില്‍ മികവ് കാണിക്കാനായില്ല. കാര്‍ഷിക മേഖല പച്ചതേങ്ങയും കൊപ്രയും വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്.


Full View


Tags:    

Similar News