നാലു ദിവസത്തെ നഷ്ടത്തിനുശേഷം വിപണി നേട്ടത്തില്‍

  • രാവിലെ 10.17 ന് സെന്‍സെക്സ് 429.83 പോയിന്റ് ഉയര്‍ന്ന് 60,275.12 ലും, നിഫ്റ്റി 121.10 നേട്ടത്തോടെ 17,927.90 ലുമാണ് വ്യാപാരം നടത്തുന്നത്.

Update: 2022-12-26 05:52 GMT

daily stock market updates 

മുംബൈ: ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതകളുടെ പിന്തുണയില്‍ നാലു ദിവസത്തെ നഷ്ടത്തിനുശേഷം വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍. സെന്‍സെക്സ് 257.95 പോയിന്റ് ഉയര്‍ന്ന് 60,103.24 ലും, നിഫ്റ്റി 77 പോയിന്റ് ഉയര്‍ന്ന് 17,883.80 ലും എത്തി. രാവിലെ 10.17 ന് സെന്‍സെക്സ് 429.83 പോയിന്റ് ഉയര്‍ന്ന് 60,275.12 ലും, നിഫ്റ്റി 121.10 നേട്ടത്തോടെ 17,927.90 ലുമാണ് വ്യാപാരം നടത്തുന്നത്.

ടാറ്റ സ്റ്റീല്‍, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍ മാത്രമാണ് നഷ്ടം നേരിട്ട ഓഹരി. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച്ച സെന്‍സെക്സ് 980.93 പോയിന്റ് താഴ്ന്ന് 59,845.29 ലും, നിഫ്റ്റി 320.55 പോയിന്റ് ഇടിഞ്ഞ് 17,806.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 3.63 ശതമാനം ഉയര്‍ന്ന് 83.92 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 706.84 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News