ശ്രീലങ്കന്‍ കറുത്ത പൊന്ന് വിപണി പിടിച്ചു, വിഷുവില്‍ വഴുതിപ്പോയി ഏലം
- വന്‍കിട മില്ലുകാരില്‍ നിന്നുള്ള ആവശ്യം ചുരുങ്ങിയതിനാല്‍ അവിടെ 8000 രൂപയായി താഴ്ന്നാണ് കൊപ്രയുടെ ഇടപാടുകള്‍ നടക്കുന്നത്
വിദേശ കുരുമുളക് ഇറക്കുമതി വീണ്ടും കനത്തത് ഉത്പാദന മേഖലയില്‍ ഭീതിപരത്തുന്നു. ശ്രീലങ്കയില്‍ നിന്നും 600 ടണ്‍ കുരുമുളക് വിവിധ തുറമുഖങ്ങളിലെത്തിയത് മൂലം പോയവാരം ക്വിന്റ്റലിന് 500 രൂപ കുറയാന്‍ ഇടയാക്കിയിരുന്നു. ഇന്ന് നിരക്ക് വീണ്ടും 100 രൂപ താഴ്ന്ന് 48,100 രൂപയായി. ഓഫ് സീസണായതിനാല്‍ വില ഉയരുമെന്ന
പ്രതീക്ഷയിലായിരുന്നു കേരളത്തിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും. 2500 ടണ്‍ കുരുമുളക് കൂടി നികുതി രഹിതമായി കൊളംമ്പോ തുറമുഖത്ത് നിന്നും കയറ്റുമതി നടത്താനുള്ള തയ്യാറെടുപ്പിലാണവര്‍. ഇത് മൂലം അന്തര്‍ സംസ്ഥാന വ്യാപാരികള്‍ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. ഉത്തരേന്ത്യയിലെ വന്‍കിട സ്റ്റോക്കിസ്റ്റുകള്‍
പരമാവധി താഴ്ന്ന വിലയ്ക്ക് സംഭരണം തുടങ്ങാമെന്ന നിലപാടില്‍ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ മുളക് വില ടണ്ണിന് 6300 ഡോളറാണ്. ഇതര ഉത്പാദന രാജ്യങ്ങള്‍ 2900 ഡോളറിന് പോലും കുരുമുളക് കയറ്റുമതി നടത്തുന്നുണ്ട്.
പ്രാദേശിക ഡിമാന്റ് ഉയരാതെ വെളിച്ചെണ്ണ
തമിഴ്നാട്ടില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചതേങ്ങ ലഭ്യത വര്‍ധിച്ചു. ഇതിനിടയില്‍ ഏറെ പ്രതീക്ഷകളോടെയാണ് അയല്‍ സംസ്ഥാനങ്ങളിലെ മില്ലുകാര്‍ വിഷു വിപണിയെ ഉറ്റുനോക്കിയതെങ്കിലും വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാന്റ് ഉയരാഞ്ഞത് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി. വന്‍കിട മില്ലുകാരില്‍ നിന്നുള്ള ആവശ്യം ചുരുങ്ങിയതിനാല്‍ അവിടെ 8000 രൂപയായി താഴ്ന്നാണ് കൊപ്രയുടെ ഇടപാടുകള്‍ നടക്കുന്നത്. പൊള്ളാച്ചി, പഴനി, കോയംമ്പത്തൂര്‍ മേഖലകളില്‍ വിളവെടുപ്പ് ഊര്‍ജിതമായാല്‍ നിരക്ക് വീണ്ടും കുറയുമെന്ന നിഗമനത്തില്‍ ബഹുരാഷ്ട്ര എണ്ണ കമ്പനികള്‍ കൊപ്ര സംഭരണത്തില്‍ ഉത്സാഹിക്കുന്നില്ല. കൊച്ചിയില്‍ കൊപ്രയ്ക്ക് 8250 രൂപയാണ് വില.
വിഷുവില്‍ വഴുതി ഏലം
വിഷു ആഘോഷങ്ങളില്‍ കാര്‍ഷിക മേഖല മുഴുകിയതിനാല്‍ ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് വരവ് കേവലം 20,000 കിലോഗ്രാമില്‍ ഒതുങ്ങി. ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ലേലത്തില്‍ താല്‍പര്യം കാണിച്ചെങ്കിലും 16,070 കിലോയും കൈമാറ്റം മാത്രമാണ് നടന്നത്. വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയതിനാല്‍ ശരാശരി ഇനങ്ങള്‍ കിലോ 1263 രൂപയിലും മികച്ചയിനങ്ങള്‍ 1983 രൂപയിലും ഒതുങ്ങി.
വില്‍പ്പനക്കാരില്ലാതെ റബര്‍
റബര്‍ ക്ഷാമം രൂക്ഷമായതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ ഇന്ന് വില ഉയര്‍ത്തി, നാലാം ഗ്രേഡിന് കിലോ രണ്ട് രൂപ ഉയര്‍ത്തി 151 രൂപയാക്കി. വില്‍പ്പന സമ്മര്‍ദ്ദം ടയര്‍ കമ്പനികള്‍ പ്രതീക്ഷിച്ചെങ്കിലും റബറിന് വില്‍പ്പനക്കാരില്ലായിരുന്നു.
