കറുത്ത പൊന്ന് തിളങ്ങിയേക്കും, താരമായി വീണ്ടും ചുക്ക്
- കുരുമുളക് വില കിലോ 525-540 രൂപയിലേയ്ക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍
കുരുമുളക് കര്‍ഷകര്‍ മുഖ്യ വിപണികളിലേയ്ക്കുള്ള ചരക്ക് നീക്കം കുറച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കൊല്ലം ഭാഗങ്ങളിലെ ഉത്പാദകര്‍ മുളക് വില്‍പ്പന നിയന്ത്രിച്ച സാഹചര്യത്തില്‍ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത തെളിയുന്നതായി വ്യാപാര മേഖല. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരവ് കുറഞ്ഞാല്‍ ജൂലൈ-ആഗസ്റ്റ് കാലയളവില്‍ കുരുമുളക് വില കിലോ 525-540 രൂപയിലേയ്ക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികള്‍. അതേസമയം ഇറക്കുമതിക്ക് നിയന്ത്രണം വരുത്താന്‍ വാണിജ്യമന്ത്രാലയം തയ്യാറായാല്‍ മാത്രം ഉയര്‍ന്ന വിലയുടെ നേട്ടം കാര്‍ഷിക മേഖലയ്ക്ക് കൈപിടിയില്‍ ഒതുക്കാനാവു.
താരമായി വീണ്ടും ചുക്ക്
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ചുക്കിന് കൂടുതല്‍ അന്വേഷണങ്ങളെത്തി. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞതോടെ അറബ് രാജ്യങ്ങള്‍ പുതിയ വ്യാപാരങ്ങള്‍ക്കുള്ള നീക്കത്തിലാണ്. കയറ്റുമതിക്കാരുമായുള്ള വിലപേശല്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ എക്സ്പോര്‍ട്ടര്‍മാര്‍ പുറത്തുവിടുന്നില്ല. ഉത്പാദന മേഖലയില്‍ ചുക്ക് സ്റ്റോക്കുണ്ടെങ്കിലും പച്ച ഇഞ്ചി വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് ചുക്ക് കൈമാറാന്‍ ആരും ഉത്സാഹം കാണിക്കുന്നില്ല. മികച്ച ചുക്ക് കിലോ 275 രൂപയില്‍ വ്യാപാരം നടന്നു.
ഏല വിപണിയില്‍ വിദേശ സാന്നിധ്യം
വിദേശ ഏലക്ക ലേലത്തില്‍ ഇറങ്ങുന്നതായ ആക്ഷേപങ്ങള്‍ക്കിടയില്‍ ഇന്ന് വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ 71,204 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 59,436 കിലോ വിറ്റഴിഞ്ഞു. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഉല്‍പ്പന്നത്തില്‍ താല്‍പര്യം കാണിച്ചെങ്കിലും വന്‍തോതിലുള്ള ചരക്ക് വരവ് കുതിപ്പിന് തടസമായി. ശരാശരി ഇനങ്ങള്‍ 1126 രൂപയിലും മികച്ചയിനം ഏലക്ക 1907 രൂപയിലും കൈമാറി. വെളിച്ചെണ്ണ വില വര്‍ധിച്ചു. രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണ വിപണിയില്‍ മുന്നേറ്റം ദൃശ്യമാവുന്നത്. ഈസ്റ്റര്‍,വിഷു വേളയില്‍ പോലും വിപണി മുന്നേറാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നാളികേരോത്പ്പന്നങ്ങളുടെ നിരക്ക് വര്‍ധിച്ചെങ്കിലും പ്രദേശിക വിപണികളില്‍ വില്‍പ്പനതോത് ഉയര്‍ന്നില്ല.
റബര്‍ സ്ഥിര നിലവാരത്തില്‍
മുഖ്യ വിപണികളില്‍ റബര്‍ സ്ഥിര നിലവാരത്തില്‍ നീങ്ങി. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും കൊച്ചി, കോട്ടയം വിപണികളിലേയ്ക്കുള്ള റബര്‍ വരവ് നാമമാത്രമായിരുന്നു, നാലാം ഗ്രേഡ് കിലോ 153 രൂപയില്‍ തുടരുന്നു.
