ഇനി രാജ്യമൊട്ടാകെ പ്രീമിയം ലോഞ്ച് സേവനങ്ങൾ; പുതിയ ചുവടുവയ്പുമായി എയർ ഇന്ത്യ
ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ പ്രീമിയം ലോഞ്ച് സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ.രാജ്യത്ത് ഉടനീളം പ്രീമിയം ലോഞ്ചുകൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി. സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ലോഞ്ച് സേവനങ്ങൾ. ഡൽഹി വിമാനത്താവളത്തിലെ സേവനങ്ങൾക്ക് ശേഷം മുംബൈയിലും ബെളൂരുവിലും സമാനമായ പ്രീമിയം ലോഞ്ചുകൾ ആരംഭിക്കുമെന്നാണ് സൂചന. ഇന്ദിരഗാന്ധി രാജ്യാന്തര വിമാനതാവളത്തിൽ മൂന്നാം നമ്പർ ടെർമിനലിലാണ് എയർ ഇന്ത്യ പുതിയ അന്താരാഷ്ട്ര ലോഞ്ച് തുറക്കുക.
പുതിയ ലോഞ്ചുകൾ രൂപകൽപ്പന ചെയ്യുന്നതിനായി, ആഗോള ഹോസ്പിറ്റാലിറ്റി ഡിസൈൻ സ്ഥാപനമായ ഹിർഷ് ബെഡ്‌നർ അസോസിയേറ്റ്‌സുമായി എയർ ഇന്ത്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലെ നിലവിലുള്ള ലോഞ്ച് പുതുക്കിപ്പണിയുമെന്നാണ് സൂചന. ഹിർഷ് ബെഡ്നർ അസോസിയേറ്റ്സ് എയർലൈനിനെ സഹായിക്കുന്നു.
എയർ ഇന്ത്യയുടെ പുതിയ ബ്രാൻഡിംഗുമായി ചേരുന്ന ഡിസൈൻ ലോഞ്ചിനായി തെരഞ്ഞെടുക്കും എന്നാണ് സൂചന.ഇന്ത്യയുടെ സംസ്കാരവും പൈതൃകവും പ്രതിനിധീകരിക്കുന്ന ലോഞ്ച് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും എയർ ഇന്ത്യയുടെ സ്ഥിരം യാത്രക്കാർക്കും ഉപയോഗിക്കാനാകും. അന്താരാഷ്ട്ര തലത്തിലും ലോഞ്ച് ശൃംഖല വികസിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.
