കൊപ്ര നിര്‍മ്മാണത്തിന് നൂതന സാങ്കേതികവിദ്യയുമായി അഗ്രോപാര്‍ക്ക്

  • സൗജന്യ ഡെമോണ്‍സ്ട്രേഷന്‍ മെയ് 30ന്

Update: 2023-05-22 22:00 GMT

കുറഞ്ഞ ചെലവില്‍ യന്ത്ര സഹായത്തോടെ കൊപ്ര തയ്യാറാക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യയും യന്ത്രവും വികസിപ്പിച്ചെടുത്ത് പിറവം അഗ്രോപാര്‍ക്ക്. സാങ്കേതികവിദ്യയുടെ വശങ്ങള്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നേരിട്ട് മനസിലാക്കുന്നതിനായി സൗജന്യ ഏകദിന ഡെമോണ്‍സ്ട്രഷന്‍ ക്യാന്പ് ഈ മാസം 30ന് രാവിലെ 10 മണി മുതല്‍ അഗ്രോപാര്‍ക്കില്‍ നടക്കും. പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന MCD-G ഡീഹൈഡ്രേറ്റര്‍ ഉപയോഗിച്ച് 22 മണിക്കൂര്‍ കൊണ്ട് ഗുണമേന്മയുള്ള വെള്ള നിറത്തിലുള്ള കൊപ്ര നിര്‍മ്മിച്ചെടുക്കാം.

ഓട്ടോമേറ്റഡായിട്ടുള്ള താപ സംരക്ഷക-താപ ഈര്‍പ്പ നിയന്ത്രണ സംവിധാനങ്ങളിലൂടെയാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ചിരട്ട കത്തിക്കേണ്ട എന്നതും അതിനാല്‍ തന്നെ മനുഷ്യാദ്ധ്വാനം ആവശ്യമില്ല എന്നുള്ളതുമാണ് യന്ത്രത്തിന്റെ പ്രധാന മേന്മയായി ചുണ്ടിക്കാട്ടുന്നത്. ഇതിനാല്‍ ഉത്പാദന ചെലവ് ഗണ്യമായി കുറയും. ചിരട്ട വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വൈദ്യുതി ചാര്‍ജും അടയ്ക്കാം.

ഭീമമായ കൂലി ചെലവ് മൂലം കേരളം വിട്ടുപോയ വ്യവസായത്തെ തിരികെ കൊണ്ടുവരുന്നതിനും സള്‍ഫര്‍ രഹിത കൊപ്ര ഉത്പാദനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് 2020 മുതല്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ യന്ത്രം വികസിപ്പിച്ചെടുത്തത്. കര്‍ഷകര്‍ക്ക് നാളികേരം കൊപ്രയാക്കി ഉയര്‍ന്ന വരുമാനം നേടുന്നതിനും വെളിച്ചെണ്ണ സംരംഭകര്‍ക്ക് സ്വന്തമായി കൊപ്ര ഉത്പാദിപ്പിക്കുന്നതിനും യന്ത്രം സഹായകരമാണ്. ഡെമോണ്‍സ്ട്രേഷന്‍ ക്ലാസ്സിലേക്ക് രജിസ്ട്രേഷന്‍ വഴിയാണ് പ്രവേശനം അനുവദിക്കുക. ഫോണ്‍ നമ്പര്‍: 0485 2999990, 9446713767

Tags:    

Similar News