പ്രതിസന്ധികളെ മറികടന്ന് ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ ബിറ്റ്‌കോയിന്‍
- സമീപകാലത്ത് എസ്ഇസി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളായ ബിനാന്‍സ്, കോയിന്‍ബേസ് എന്നിവയ്‌ക്കെതിരെ കേസെടുത്തിരുന്നു
- ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബിറ്റ്‌കോയിന്‍ ഏകദേശം 90 ശതമാനം ഉയര്‍ന്നു
- 2022 ജൂണിനു ശേഷം ആദ്യമാണ് ഇത്രയും ഉയരങ്ങളിലേക്ക് എത്തുന്നത്
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഈയാഴ്ച ആദ്യം ബിറ്റ്‌കോയിന്‍ വ്യാപാരം 30,000 ഡോളറിന് മുകളിലാണ് നടന്നത്. ജൂണ്‍ 23 വെള്ളിയാഴ്ച വ്യാപാരത്തിനിടെ ക്രിപ്‌റ്റോ കറന്‍സി ഒരു നാണയത്തിന് 31,013-ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 2022 ജൂണിനു ശേഷം ആദ്യമാണ് ഇത്രയും ഉയരങ്ങളിലേക്ക് എത്തുന്നതെന്ന് ബ്ലൂംബെര്‍ഗ് ഡാറ്റ പറയുന്നു. ഈ കുതിച്ചുചാട്ടം ബിറ്റ്‌കോയിനെ 31,410 ഡോളറിലെത്തിച്ചു.
ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബിറ്റ്‌കോയിന്‍ ഏകദേശം 90 ശതമാനം ഉയര്‍ന്നു. എങ്കിലും എക്കാലത്തെയും ഉയര്‍ന്ന നിലയായ 69,000 ഡോളറിനും 50 ശതമാനത്തിലധികം താഴെയാണ് ബിറ്റ്‌കോയിന്‍.
ശ്രദ്ധേയമായൊരു തിരിച്ചുവരവാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബിറ്റ്‌കോയിന്റെ കാലം കഴിഞ്ഞെന്ന് കുറച്ചുനാള്‍ക്കു മുന്‍പ് വരെ പ്രചരിച്ചിരുന്നു. ഇത് നിക്ഷേപകരില്‍ ബിറ്റ്‌കോയിനിലുള്ള വിശ്വാസം നഷ്ടപ്പെടാനും ഒരുപരിധി വരെ കാരണമായി തീര്‍ന്നു. കഴിഞ്ഞ വര്‍ഷം എഫ്ടിഎക്‌സ് (FTX) എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തകര്‍ന്നു. അതിന്റെ സ്ഥാപകനായ സാം ബാങ്ക്മാന്‍ ഫ്രൈഡിനെ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റും ചെയ്തു. അത് ക്രിപ്‌റ്റോ വിപണിയെ ബാധിച്ചു.
സമീപകാലത്ത് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളായ ബിനാന്‍സ്, കോയിന്‍ബേസ് എന്നിവയ്‌ക്കെതിരെ കേസെടുത്തിരുന്നു.
നിരവധി ടോക്കണുകളെ രജിസ്റ്റര്‍ ചെയ്യാത്ത സെക്യൂരിറ്റിയായി തരംതിരിച്ചതാണ് കേസ് എടുക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് കാര്‍ഡാനോ, സൊളാന, ബിനാന്‍സ് കോയിന്‍ തുടങ്ങിയ ടോക്കണുകള്‍ക്ക് വിലയിടിവ് നേരിടേണ്ടി വന്നു.
സാമ്പത്തികമേഖലയിലെ വന്‍കിടക്കാര്‍ക്ക് ബിറ്റ്‌കോയിനോടുള്ള താല്‍പര്യം വര്‍ധിച്ചതാണ് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബിറ്റ്‌കോയിന് സാധിച്ചത്. ഒരു ബിറ്റ്‌കോയിന്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞയാഴ്ച ബ്ലാക്ക് റോക്ക് അപേക്ഷിച്ചിരുന്നു. ഇത് ക്രിപ്‌റ്റോയ്ക്ക് ആവേശം പകരുന്ന ഒന്നായിരുന്നു. ലോകത്തിലെ വലിയ മണി മാനേജറാണ് ബ്ലാക്ക് റോക്ക്.
ചാള്‍സ് ഷ്വാബ്, ഫിഡിലിറ്റി ഡിജിറ്റല്‍ അസറ്റ്സ്, സിറ്റാഡല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് ഇഡിഎക്സ് മാര്‍ക്കറ്റുകളും ഈ ആഴ്ച അതിന്റെ ഡിജിറ്റല്‍ അസറ്റ് ട്രേഡിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്.
ഇതൊക്കെ ക്രിപ്‌റ്റോയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.
