വൈദ്യുതി കരാറുകള്‍ റദ്ദാക്കല്‍; ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങി കെഎസ്ഇബി

  • ഉത്തരവ് നടപ്പിലാക്കാന്‍ 15 ദിവസത്തെ സാവകാശം ഉണ്ടെങ്കിലും കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Update: 2023-05-23 05:45 GMT

തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തേക്കുള്ള നാല് കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതിനെതിരെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ഇടപാടുകളിലെ റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവുകള്‍ക്കെതിരെ ആദ്യം സമീപിക്കേണ്ടത് ഡെല്‍ഹിയിലുള്ള വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണലിനെയാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബിയുടെ ഈ നീക്കം. എന്നാല്‍ അവിടെയും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

താപവൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാറിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നാലു കരാറുകള്‍ റെഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. 2014ല്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് ഈ കരാറുകള്‍ നടപ്പിലാക്കിയത്.

കരാറുകള്‍ റദ്ദാകുന്ന പക്ഷം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ പ്രതിദിനം 465 മെഗാവാട്ടിന്റെ കുറവുണ്ടാകും. ഉയര്‍ന്ന താപനില മൂലം വൈദ്യുതിയുടെ അമിതോപയോഗ സാധ്യതകള്‍ മൂലം ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ ഹ്രസ്വകാല കരാറിലൂടെ 500 മെഗാവാട്ട് വൈദ്യുതിയാണ് ഏപ്രില്‍-മെയ് മാസങ്ങളിലേക്ക് വാങ്ങിയത്.

ഉത്തരവ് നടപ്പിലാക്കാന്‍ 15 ദിവസത്തെ സാവകാശം ഉണ്ടെങ്കിലും കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. കാലവര്‍ഷം തുടങ്ങിയാല്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനാകും. ഈ ആശങ്കയാണ് വേഗത്തില്‍ ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടാനായാല്‍ കെഎസ്ഇബി ശ്രമിക്കുന്നത്.

ഇതിന് പുറകേ സര്‍ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന നിലപാട് മുന്നോട്ട് വച്ചിരിക്കുകയാണ് കെഎസ്ഇബി. നാളെ ചേരുന്ന ഉന്നത തല യോഗത്തില്‍ വൈദ്യുത നിരക്ക് വര്‍ധനവും മറ്റ് വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News