' അമുല്‍ ഗേളിന്റെ ' സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡാകുന വിടവാങ്ങി; അമുല്‍ ഗേളിന് ശശി തരൂരുമായി ബന്ധമുണ്ട്

  • അമുല്‍ ഗേളിന്റെ രൂപത്തിന് പ്രചോദനമായത് ശശി തരൂര്‍ എംപിയുടെ സഹോദരിമാരായ ശോഭയും സ്മിതയുമായിരുന്നു
  • 1961-ല്‍ അമുലിന്റെ പാല്‍പ്പൊടിയുടെ പാക്കറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രത്തിലേക്കായിരുന്നു പെണ്‍കുട്ടിയെ പരസ്യ ഏജന്‍സി അന്വേഷിച്ചത്
  • അമുല്‍ ഗേള്‍ പിന്നീട് ടിവിയിലും, പത്രങ്ങളിലും ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയിലും വരെയെത്തി നില്‍ക്കുന്നു

Update: 2023-06-22 07:23 GMT

ധവള വിപ്ലവത്തിലൂടെ രാജ്യത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ എന്ന മലയാളി സമ്മാനിച്ചതാണ് അമുല്‍ എന്ന വിശ്വോത്തര ബ്രാന്‍ഡ്. അമുല്‍ ബ്രാന്‍ഡിന്റെ പേരിനൊപ്പം ജനകീയമായ മറ്റൊന്നു കൂടിയുണ്ട്. അതാണ് അമുല്‍ ഗേള്‍.

സന്തോഷവതിയായ നീല മുടിയും, വൃത്താകൃതിയിലുള്ള കണ്ണുകളും, ചുവന്ന പുള്ളിയുടുപ്പും ധരിച്ച് തടിച്ച കവിളോടു കൂടിയ ഒരു പെണ്‍കുട്ടിയുടെ രൂപത്തില്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അമുല്‍ ഗേള്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സൃഷ്ടാവ് പരസ്യമേഖലയിലെ പ്രമുഖനായ സില്‍വസ്റ്റര്‍ ഡാകുന ആയിരുന്നു. അദ്ദേഹം ജൂണ്‍ 20 ചൊവ്വാഴ്ച മുംബൈയില്‍ അന്തരിച്ചു. 80 വയസായിരുന്നു.

1966-ലായിരുന്നു വര്‍ഗീസ് കുര്യന്റെ നിര്‍ദേശപ്രകാരം Utterly Butterly Delicious എന്ന പരസ്യവാചകത്തോടു കൂടി അമുല്‍ ബട്ടറിനായി സില്‍വസ്റ്റര്‍ ഡാകുന അമുല്‍ ഗേളിനെ അവതരിപ്പിച്ചത്.

പിറവിയെടുത്തിട്ട് ആറ് പതിറ്റാണ്ടെത്തുമ്പോഴും അമുല്‍ ഗേള്‍ ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആദ്യം അമുല്‍ ഗേളിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നത് മുംബൈയിലെ ഏതാനും ഹോര്‍ഡിംഗുകളിലായിരുന്നു. 'Give us this day our daily bread: with Amul butter ' എന്ന പരസ്യവാചകത്തിലായിരുന്നു അമുല്‍ ഗേള്‍ പ്രത്യക്ഷപ്പെട്ടത്. മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന അമുല്‍ ഗേളിന്റെ സമീപം അമുല്‍ ബട്ടര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായിരുന്നു പരസ്യം.

അമുല്‍ ഗേള്‍ പിന്നീട് ടിവിയിലും, പത്രങ്ങളിലും ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയയിലും വരെയെത്തി നില്‍ക്കുന്നു. ഒന്നിലധികം തലമുറകളിലൂടെ അമുല്‍ ബ്രാന്‍ഡിന്റെ വ്യാപ്തിയും ജനപ്രീതിയും വര്‍ധിപ്പിച്ചു അമുല്‍ ഗേള്‍.

അമുല്‍ ഗേളിന്റെ രൂപത്തിന് പ്രചോദനമായത് ശശി തരൂര്‍ എംപിയുടെ സഹോദരിമാരായ ശോഭയും സ്മിതയുമായിരുന്നു.

1961-ല്‍ അമുലിന്റെ അഡ്വര്‍ടൈസിംഗ് ഏജന്‍സി പരസ്യത്തിനായി ഒരു പെണ്‍കുട്ടിയെ അന്വേഷിച്ചു തുടങ്ങിയ കാലമായിരുന്നു. അന്ന് അമുലിന്റെ പാല്‍പ്പൊടിയുടെ പാക്കറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രത്തിലേക്കായിരുന്നു പെണ്‍കുട്ടിയെ പരസ്യ ഏജന്‍സി അന്വേഷിച്ചത്. വിവിധയിടങ്ങളില്‍ നിന്നായി പരസ്യ ഏജന്‍സിക്ക് പെണ്‍കുട്ടികളുടെ 712 ഫോട്ടോകള്‍ ലഭിച്ചെങ്കിലും അവയൊന്നും തൃപ്തികരമായി തോന്നിയില്ല. ഒടുവില്‍ സില്‍വസ്റ്റര്‍ ഡാകുന ശശി തരൂരിന്റെ പിതാവിനെ സമീപിക്കുകയായിരുന്നു. ശശി തരൂരിന്റെ സഹോദരി ശോഭ അങ്ങനെ അമുല്‍ ഗേളായി. ശോഭയെ വച്ച് പരസ്യം ചെയ്തു തുടങ്ങിയെങ്കിലും പരസ്യത്തിന്റെ കളര്‍ ഫോര്‍മാറ്റ് പുറത്തുവന്നപ്പോള്‍ അതില്‍ അമുല്‍ ഗേളായത് തരൂരിന്റെ ഇളയ അനുജത്തി സ്മിതയായിരുന്നു.

ശോഭ പിന്നീട് 1977-ല്‍ മിസ് കൊല്‍ക്കത്തയും മിസ് ഇന്ത്യ റണ്ണറപ്പുമായി.

സിറാജ് ഷാ സംവിധാനം ചെയ്ത 'റാപ്സോഡി ഓഫ് റെയിന്‍സ്-മണ്‍സൂണ്‍സ് ഓഫ് കേരള' എന്ന ഡോക്യുമെന്ററിയുടെ വോയ്സ് ഓവറിന്് ശോഭ തരൂരിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News