കേരളത്തിന്റെ അഭിമാന പദ്ധതിയായ സംരംഭക വര്‍ഷം 2.0 മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ അയ്യായിരത്തിലധികം സംരംഭങ്ങളാണ് സംരംഭക വര്‍ഷം 2.0 പദ്ധതിയിലൂടെ കേരളത്തിലാരംഭിച്ചത്. 333 കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം തൊഴിലും സൃഷ്ടിക്കാനും പദ്ധതിക്ക് സാധിച്ചു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സംരംഭക വര്‍ഷം പദ്ധതിയിലൂടെ 2022-23 വര്‍ഷത്തില്‍ 1,39,000 സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചത്. മൂന്ന് ലക്ഷത്തിലധികം തൊഴിലും 8422 കോടിയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി ദേശീയതലത്തില്‍ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരവും നേടുകയുണ്ടായി.
മികച്ച വിജയം പദ്ധതി നേടിയതിനാല്‍ സംരംഭകവര്‍ഷം തുടരാന്‍ തീരുമാനിക്കുകയും 2023-24 വര്‍ഷത്തില്‍ സംരംഭകവര്‍ഷം 2.0 പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. പ്രഖ്യാപനം വെറുതെയായില്ല എന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ മികച്ച തുടക്കമാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. എംഎസ്എംഇ മേഖലയില്‍ മികവോടെ മുന്നോട്ട് പോവുകയാണ് കേരളം.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സംരംഭക വര്‍ഷം പദ്ധതിയില്‍ 42,873 വനിതാസംരംഭങ്ങള്‍ക്ക് തുടക്കമായി. ഇതുവഴി 1558.09 കോടിയുടെ നിക്ഷേപവും 85484 തൊഴിലവസരവും സൃഷ്ടിച്ചു. ട്രാന്‍സ്ന്‍െഡര്‍ വിഭാഗത്തിലുള്ള 13 പേരും സംരംഭങ്ങള്‍ തുടങ്ങി. തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂരില്‍ 13,545 സംരംഭങ്ങളിലൂടെ 754.84 കോടിയുടെ നിക്ഷേപവും 28,379 തൊഴിലവസരവും സൃഷ്ടിച്ചു. തിരുവനന്തപുരത്ത് 13,527 സംരംഭങ്ങളും എറണാകുളത്ത് 13,062 സംരംഭങ്ങളും തുടങ്ങി.
കണ്ണൂര്‍ ജില്ലയിലെ പെരളശേരി, വേങ്ങാട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്നിവയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ മുന്നിലുള്ളത്. നഗരസഭകളില്‍ ഗുരുവായൂര്‍, പാല, വൈക്കം എന്നിവയും കോര്‍പറേഷനുകളില്‍ കണ്ണൂര്‍, തൃശൂര്‍, കൊച്ചി എന്നിവയിലുമാണ് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയത്.
