ലോക ജനസംഖ്യാ ദിനം; ബോധവത്കരണ പരിപാടികളുമായി എറണാകുളം ജില്ല

  • ജൂലൈ 11 ലോക ജനസംഖ്യാ ദിനം

Update: 2023-07-04 06:45 GMT

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ബോധവത്കരണ ക്യാംപെയ്‌നും മെഡിക്കല്‍ ക്യാംപുകളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ ഗവേണിംഗ് ബോഡി യോഗത്തില്‍ ആര്‍സിഎച്ച് (റീപ്രൊക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത്) ഓഫീസര്‍ ഡോ എം ജി ശിവദാസാണ് ഇക്കാര്യമറിയിച്ചത്. ആദ്യ ഘട്ടത്തില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും തുടര്‍ന്ന് കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്യാംപുകളും സംഘടിപ്പിക്കും. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് താത്കാലിക മാര്‍ഗങ്ങളെക്കുറിച്ചും സ്ഥിരം പരിഹാര മാര്‍ഗങ്ങളെ കുറിച്ചും അവബോധം പ്രചരിപ്പിക്കും. ജില്ലയിലുടനീളം ക്യാംപുകള്‍ സംഘടിപ്പിക്കും.

യോഗത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം നടത്തി. കൗമാരക്കാരിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള അഡോളസന്റ് ഫ്രണ്ട്ലി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാന്‍ യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി അവരെക്കൊണ്ട് അതേ സ്‌കൂളിലെ സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്ക് ലഹരിക്കെതിരേ ബോധവത്കരണം നല്‍കുന്ന പിയര്‍ ഗ്രൂപ്പ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.

നിലവില്‍ ലാബറട്ടറി സൗകര്യമില്ലാത്ത പി എച്ച് സി കളില്‍ ലാബ് ആരംഭിക്കാനുള്ള സൗകര്യമുണ്ടോ എന്ന് പരിശോധിക്കും. മാമോഗ്രാം, എക്‌സ്‌റേ പോലുള്ള പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജീവനക്കാരെ നിയോഗിക്കുമ്പോള്‍ അവര്‍ക്കുള്ള ശമ്പളം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമിതിയില്‍ നിന്ന് കണ്ടെത്താമെന്ന് യോഗം നിര്‍ദേശിച്ചു.

അതിഥി തൊഴിലാളികള്‍ക്കായുള്ള അതിഥി ദേവോ ഭവ പദ്ധതിക്ക് കീഴില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 50 ക്യാംപുകള്‍ സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി. രോഹിണി അവതരിപ്പിച്ചു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ. ആശ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്‌സി ഗോണ്‍സാല്‍വസ്, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.എ. സോണിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News