കേരളം ആസ്ഥാനമായ എക്സ്പീരിയോണ്‍ ആഗോള വിപുലീകരണത്തിലേക്ക്

  • കേരളത്തില്‍ നിന്ന് 600 പുതുമുഖങ്ങളെ നിയമിക്കും
  • ജൂണില്‍ ജപ്പാനില്‍ പ്രവര്‍ത്തനം തുടങ്ങും
  • വിദേശ വിപണികളില്‍ പ്രാദേശിക എന്‍ജിനീയര്‍മാരെ നിയമിക്കും

Update: 2023-05-17 03:31 GMT

കേരളം ആസ്ഥാനമായുള്ള ആഗോള പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് സേവന കമ്പനിയായ എക്‌സ്‌പീരിയോൺ ടെക്‌നോളജീസ്, ജപ്പാനിലും നോർഡിക്‌ രാഷ്ട്രങ്ങളിലും നിലവിലുള്ള മറ്റ് വിപണികളിലും തങ്ങളുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ പദ്ധതി പ്രഖ്യാപിച്ചു.

അടുത്ത 12 മാസത്തേക്കുള്ള ആഗോള വിപുലീകരണത്തിനായി കമ്പനി 50 കോടി രൂപ (6 മില്യൺ യുഎസ് ഡോളർ) അനുവദിച്ചു. വിപുലമായ പ്രൊജക്റ്റുകളും ലോകമെമ്പാടുമുള്ള ഉൽപ്പന്ന എഞ്ചിനീയറിംഗിന്റെ ആവശ്യകതയും നിറവേറ്റുന്നതിനായി 2023 ൽ കേരളത്തിൽ നിന്ന് 600 പുതുമുഖങ്ങളെ നിയമിക്കാനും പദ്ധതിയിടുന്നു.

ജൂണിൽ, എക്സ്പീരിയോൺ ജപ്പാനിൽ പ്രവർത്തനം ആരംഭിക്കും. നൂതന സാങ്കേതിക ശേഷികൾ, പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് പ്രക്രിയയിയിലെ വൈദഗ്ധ്യങ്ങള്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് വിപണികളിൽ നിന്ന് ലഭിച്ച പാഠങ്ങള്‍ എന്നിവയെല്ലാം ജപ്പാനിലെ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ, ഓട്ടോമോട്ടീവ്, എംബഡഡ് സിസ്റ്റംസ് എന്നിവ ഉൾപ്പെടുന്ന എൻജിനീയറിങ് വിഭാഗത്തിന്‍റെ ശേഷി വർധിപ്പിക്കുന്നതിൽ കമ്പനി നിക്ഷേപം നടത്തുമെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ഓൺ‌സൈറ്റ് റിക്രൂട്ട്‌മെന്റ് വർധിപ്പിക്കും. എക്‌സ്‌പീരിയോൺ അവരുടെ യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് ഓഫീസുകളിലേക്ക് പ്രാദേശിക എഞ്ചിനീയർമാരെ നിയമിക്കാൻ തുടങ്ങിയിട്ടുണ്ട്, ഇതിനുപുറമേ യുഎസില്‍ നിക്ഷേപം വർദ്ധിപ്പിക്കുകയും പ്രാദേശിക വിപണിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ ഡെലിവറി ശേഷി വർദ്ധിപ്പിക്കുന്നതിനും എക്സ്പിരിയോണ്‍ തുക അനുവദിച്ചിട്ടുണ്ട്. 1,500 ഐടി പ്രൊഫഷണലുകളെ കൂട്ടിച്ചേർക്കാനാണ് പദ്ധതി. 2025-26 ഓടെ അതിന്റെ മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണം 3,000 ആയി ഇരട്ടിയാക്കുന്നു. നിയമനങ്ങളില്‍ 600 എണ്ണം കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടവരും പരിശീലനം നേടിയവരുമായ ഫ്രഷേര്‍സിന് ആയിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഡിജിറ്റൽ മേഖലയിലെ പ്രൊഡക്‌റ്റ് എഞ്ചിനീയറിംഗിന് ആഗോള വിപണിയിൽ വിവിധ വ്യവസായ മേഖലകളില്‍ നിന്നായി വലിയ മുന്നേറ്റമാണ് ആവശ്യകതയില് ഉണ്ടായിരിക്കുന്നതെന്ന് എക്‌സ്‌പീരിയോൺ ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂർ എന്നിവിടങ്ങളിലെ മൂന്ന് ഡെവലപ്‍മെന്‍റ് സെന്‍ററുകളിലും ഏഷ്യ, യൂറോപ്പ്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 11 ആഗോള ഓഫീസുകളിലും കമ്പനിയുടെ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് ടീം പ്രവർത്തിക്കുന്നു.

Tags:    

Similar News