രാജ്യത്തെ കാപ്പി കയറ്റുമതിയില്‍ വന്‍ക്കുതിപ്പ്; സഹായകമായത് ഇക്കാര്യങ്ങള്‍

  • 2022 ല്‍ നാലുലക്ഷം ടണ്‍ കാപ്പിയാണ് കയറ്റി അയച്ചത്

Update: 2023-01-11 10:00 GMT

കാപ്പി കയറ്റുമതിയില്‍ 2022ല്‍ ഇന്ത്യ കൈവരിച്ചത് മികച്ച നേട്ടം. നാലുലക്ഷം ടണ്‍ കാപ്പിയാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര വിപണിയിലും കാപ്പി കുതിപ്പു നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റന്റ് കോഫിക്കാണ് വിദേശത്ത് പ്രിയം കൂടുതല്‍. ഇന്ത്യയില്‍ നിന്ന് ഇറ്റലി ഇറക്കുമതി ചെയ്തത് 61,717 ടണ്‍ കാപ്പിയാണ്.കാപ്പി കയറ്റുമതിയില്‍ 2022ല്‍ ഇന്ത്യ കൈവരിച്ചത് മികച്ച നേട്ടം. നാലുലക്ഷം ടണ്‍ കാപ്പിയാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ആഭ്യന്തര വിപണിയിലും കാപ്പി കുതിപ്പു നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റന്റ് കോഫിക്കാണ് വിദേശത്ത് പ്രിയം കൂടുതല്‍. ഇന്ത്യയില്‍ നിന്ന് ഇറ്റലി ഇറക്കുമതി ചെയ്തത് 61,717 ടണ്‍ കാപ്പിയാണ്.

റഷ്യ, തുര്‍ക്കി, ജര്‍മനി, ബെല്‍ജിയം എന്നിവയെല്ലാം കൂടുതലായി കാപ്പി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തു. കാപ്പി കയറ്റുമതിയില്‍ ഒന്നാമതുള്ള ബ്രസീലില്‍ കാപ്പി കയറ്റുമതിയിലുണ്ടായ പ്രതിസന്ധിയാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിനു ശേഷം കാപ്പി ഉപഭോഗം വര്‍ധിക്കുകയും ചെയ്തു. വിയറ്റ്‌നാമാണ് ഇനി കാപ്പി കയറ്റുമതിയില്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുള്ള രാജ്യം.

രാജ്യത്തു നിന്നുള്ള കാപ്പി കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റില്‍ 100 കോടി ഡോളര്‍ കടന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ലോകത്തെ ഏഴാമത്തെ വലിയ കാപ്പി ഉത്പാദക രാജ്യമാണ് ഇന്ത്യയെന്ന് 2020ല്‍ ലോക എക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തവണ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 42 ശതമാനം വര്‍ധനയുണ്ടായെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി. 2011 മുതല്‍ 2021 വരെ വാര്‍ഷിക കയറ്റുമതി മൂന്നു ശതമാനം ഇടിഞ്ഞിരിക്കുകയായിരുന്നു. ലോകത്ത് ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ മൂന്നു ശതമാനം ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ ബ്രാന്ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉയര്‍ന്ന ഗുണമേന്മ മൂലം ലോകത്ത് മികച്ച ഉത്പന്നമായാണ് ഇന്ത്യന്‍ കാപ്പി അറിയപ്പെടുന്നത്. അറബിക്ക, റോബസ്റ്റ കാപ്പികളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ അറബിക്കക്കാണ് കൂടുതല്‍ മൂല്യം. എന്നാല്‍ രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ 72 ശതമാനവും റോബസ്റ്റയാണ്.

കാപ്പി വ്യവസായം ഇന്ത്യയില്‍ 20 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന ഉല്‍പ്പന്നമായതിനാല്‍ കാപ്പിയുടെ ആഭ്യന്തര ഉപഭോഗം വിലയെ സ്വാധീനിക്കുന്നില്ല.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയില്‍ 70 ശതമാനവും കര്‍ണാടകയിലാണ്. 23 ശതമാനവമായി കേരളമാണ് രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്നത് ആറു ശതമാനമാണ്. തമിഴ്‌നാട്ടിലെ കാപ്പിയില്‍ പകുതിയിലേറെയും നീലഗിരിയിലാണ്. ഇവിടെയാണ് അറബിക്ക കാപ്പി പ്രധാനമായും വളരുന്നത്. ഉത്തരേന്ത്യയില്‍ ഒഡീഷയിലും മറ്റു ചില സംസ്ഥാനങ്ങളിലും ചെറിയതോതില്‍ കാപ്പികൃഷിയുണ്ട്.

50ലേറെ ലോകരാജ്യങ്ങളിലേക്ക് ഇന്ത്യ കാപ്പി കയറ്റിയയക്കുന്നു. ഇതില്‍ 45 ശതമാനവും ഇറ്റലി, ജര്‍മനി, ബെല്‍ജിയം, റഷ്യ എന്നീ രാജ്യങ്ങളിലേക്കാണ്. ലിബിയ, പോളണ്ട്, ജോര്‍ദാന്‍, മലേഷ്യ, യു.എസ്, സ്ലൊവേനിയ, ആസ്‌ത്രേലിയ തുടങ്ങിയവയാണ് മറ്റു പ്രധാന രാജ്യങ്ങള്‍.

ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന കാപ്പിക്കുരുവില്‍ അനുവദനീയമായതില്‍ കൂടുതല്‍ ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ അത്തരം കാപ്പി കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. കാപ്പിക്കുരു തുരപ്പന്‍, വെള്ളത്തണ്ടു തുരപ്പന്‍ തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ പതിവായി ഉപയോഗിക്കുന്ന കീടനാശിനിയാണിത്. ഇതിന്റെ പ്രയോഗം കുറയ്ക്കാനായി കോഫി ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

കേരളത്തില്‍ വിളവെടുപ്പ് സീസണായതോടെ കാപ്പിവില ഇടിഞ്ഞിരിക്കുകയാണ്. ഇടക്കാലത്ത് ഇടിവുണ്ടായെങ്കിലും പിന്നീട് കിലോയ്ക്ക് 200 രൂപ വരെ എത്തിയ കാപ്പി പരിപ്പിന്റെ വില വീണ്ടും ഇടിയുകയായിരുന്നു. നിലവില്‍ റോബസ്റ്റ കാപ്പി പരിപ്പിന് 175 രൂപയും കാപ്പിക്കുരുവിന് 94 രൂപയുമാണ് ലഭിക്കുന്നത്. അറബി കാപ്പി പരിപ്പിന് സീസണ്‍ കഴിഞ്ഞെങ്കിലും കിലോയ്ക്ക് 250 രൂപയും കുരുവിന് 140 രൂപയുമുണ്ട്.

മേട്ടു കാപ്പി പരിപ്പിന് 185 രൂപയും കുരുവിന് 70 രൂപയുമാണ് വില. ഏലക്കയ്ക്ക് വില ഉയര്‍ന്നപ്പോള്‍ മലയോരമേഖലയിലെ കര്‍ഷകര്‍ കാപ്പി ഉപേക്ഷിച്ച് ഏലം കൃഷിയിലേക്ക് കടന്നു. എന്നാല്‍ ഏലത്തിനും വിലയിടിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

Tags:    

Similar News