വിലക്കയറ്റത്തില്‍ കത്തി കേരളം; പൊതു വിപണിയില്‍ പരിശോധന ശക്തം
- കൃത്രിമ വിലവര്‍ധനവാണോയെന്ന് വിലയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
wholesale price index news
പച്ചക്കറികളുടേയും അവശ്യവസ്തുക്കളുടേയും അനിയന്ത്രിത വിലവര്‍ധനയില്‍ വീണ്ടും നടുവൊടിഞ്ഞ് പൊതുജനം. വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തില്‍ വിപണന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. കേരളം ദേശീയ ശരാശരിയേക്കാള്‍ വിലക്കയറ്റത്തില്‍ പിന്നിലാണെന്നിരിക്കെ പച്ചക്കറി, കോഴിയിറച്ചി അടക്കമുള്ളവയുടെ വിലയിലെ വര്‍ധന നിയന്ത്രണവിധേയമാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അടിയന്തര പരിശോധനാ നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഓണ വിപണി മുന്നില്‍ കണ്ട് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനാണ് നിര്‍ദ്ദേശം. വിലക്കയറ്റം കൃത്രിമ സൃഷ്ടിയോണെന്ന് വിലയിരുത്താന്‍ ജില്ലാ തലത്തിലുള്ള ഹോള്‍സെയില്‍ ഡീലര്‍മാരുമായി അതത് ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസര്‍മാരും, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. എഡിഎം-ആര്‍ഡിഒ-അസിസ്റ്റന്റ് കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കണം.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെളുത്തുള്ളിയ്ക്ക് കിലോ 140 വരെ എത്തി. മരിങ്ങക്കായ, കാരറ്റ്, തക്കാളി എന്നിവ ശരാശരി 30 രൂപയോളം വില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചി വിലയും 180 ല്‍ നിന്ന് 250 വരെ ഉയര്‍ന്നു. അതേസമയം കാലാവസ്ഥാ വ്യതിയാനം വിലക്കയറ്റത്തില്‍ വില്ലനായിട്ടുണ്ട്. ഏപ്രില്‍- മേയ് മാസങ്ങളിലെ കനത്ത ചൂട് കോഴികള്‍ ചത്തൊടുങ്ങന്‍ കാരണമായതായി ചൂണ്ടിക്കാട്ടിയാണ് കഴിയിറച്ചി വില കുതിച്ചുകൊണ്ടിരിക്കുന്നത്. ചെറുപയറും വിപണിയില്‍ തൊട്ടാല്‍ പൊള്ളുന്ന തരത്തിലാണ് നീങ്ങുന്നത്. പ്രധാന ഉത്പാദന സംസ്ഥാനമായ കര്‍ണാടകയില്‍ മഴ കുറഞ്ഞത് ചെറുപയര്‍ കൃഷി ചെയ്യുന്നതില്‍ നിന്നും കര്‍ഷകരെ അകയറ്റി നിര്‍ത്തിയിരിക്കുകയാണ്.
