മത്സ്യബന്ധന യാനങ്ങള്‍ക്ക് പരിശോധന; എണ്ണം കണക്കാക്കാന്‍ നിര്‍ദ്ദേശം

  • എല്ലാ ബോട്ട് ഉടമകളും പരിശോധനയുമായി സഹകരിക്കണമെന്ന് ഡയറക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Update: 2023-06-20 04:45 GMT

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യന്ത്രവത്കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ട്രോളിംഗ് നിരോധന കാലയളവില്‍ പരിശോധന നടത്തി എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം. ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങളുടെ എണ്ണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഫിഷറീസ് ഡയറക്ടര്‍ വകുപ്പ് ജില്ലാ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'റിയല്‍ ക്രാഫ്റ്റ്' സോഫ്റ്റ് വെയര്‍ വഴിയാണു മത്സ്യബന്ധന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും അനുവദിക്കുന്നത്. അപകടത്തില്‍ പെട്ടവയും കാലപ്പഴക്കം വന്ന് പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ യാനങ്ങള്‍, മറ്റു സംസ്ഥാനങ്ങളിലേക്കു വിറ്റുപോയ യാനങ്ങള്‍ തുടങ്ങിയവ റിയല്‍ ക്രാഫ്റ്റ് സോഫറ്റ് വെയറിന്റെ ഫ്‌ളീറ്റില്‍ നിന്ന് യഥാസമയം ഒഴിവാക്കാത്തതിനാല്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ യാനങ്ങളുടെ എണ്ണം സോഫ്റ്റ് വെയറില്‍ കാണിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് നിലവില്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണു കൃത്യമായ പരിശോധന നടത്തി എണ്ണം കണക്കാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.

ഇത്തരത്തില്‍ ഭൗതിക പരിശോധന നടത്തി മാത്രമേ യന്ത്രവല്‍കൃത ട്രോള്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ട്രോളിംഗ് നിരോധനത്തിനു ശേഷം കടലില്‍ ഇറക്കാന്‍ പാടുകയുള്ളു. എല്ലാ ബോട്ട് ഉടമകളും പരിശോധനയുമായി സഹകരിക്കണമെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News