സാങ്കേതികവിദ്യാഭ്യാസ രംഗത്ത് മൗലിക ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിയണം: മുഖ്യമന്ത്രി
- കെല്‍ട്രോണിന്റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് മൗലികമായ ആശയങ്ങള്‍ ഇല്ലാത്തതാണെന്നും മൗലികമായ ആശയങ്ങളും സോഫ്റ്റ്വെയറുകളും വികസിപ്പിക്കാനും ഈ മേഖലയില്‍ ഗവേഷണം ത്വരിതപ്പെടുത്താനും കെല്‍ട്രോണിന് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കെല്‍ട്രോണിന്റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിദേശ രാഷ്ട്രങ്ങളുടെ പല ഉത്പന്നങ്ങളും സോഫ്റ്റ്വെയറും ആശയങ്ങളുമാണ് നാം കടമെടുത്ത് പ്രവര്‍ത്തിക്കുന്നത്. പല ഉല്‍പന്നങ്ങള്‍ക്കും പേറ്റന്റ് ഉള്ളതിനാല്‍ ഇതിന് പരിമിതിയുണ്ട്. ഇത് മറികടക്കാന്‍ സാധിക്കണം. മൗലികമായ സാങ്കേതികവിദ്യകളും സോഫ്റ്റ്വെയറുകളും വികസിപ്പിക്കാന്‍ കെല്‍ട്രോണ്‍ നേതൃത്വം നല്‍കണം. കെല്‍ട്രോണിന്റെ അരനൂറ്റാണ്ട് ശരിയായ അനുഭവപാഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു. നിരവധി വിജയങ്ങളും പ്രശംസകളും ഇക്കാലത്ത് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും കെല്‍ട്രോണ്‍ ഏറ്റുവാങ്ങി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ അടക്കം ഇലക്ട്രോണിക് രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യമായിഅവതരിപ്പിച്ചത് കെല്‍ട്രോണ്‍ ആയിരുന്നു. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്ഥാപനം പ്രതിസന്ധിയിലേക്ക് നീങ്ങി. ആ പ്രതിസന്ധി അതിജീവിക്കുന്നതിന് പകരം ദൈനംദിന കാര്യങ്ങള്‍ മാത്രം നടത്തിപ്പോയാല്‍ മതി എന്ന നിലയായി. സ്വന്തമായി പ്രവര്‍ത്തിക്കേണ്ടതില്ല, കമ്മീഷന്‍ ഏജന്‍സി എന്ന നിലയില്‍ പഴയ പേരിന്റെ മികവില്‍ പ്രവര്‍ത്തിച്ചാല്‍ മതി എന്ന അവസ്ഥ വന്നു. ഇപ്പോള്‍ ആശങ്ക മാറിയിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെല്‍ട്രോണ്‍ ഇന്ന് നല്ല നിലയ്ക്ക് അഭിവൃദ്ധിയിലേക്ക് കുതിക്കുകയാണെന്നും ഇത് ആസൂത്രണത്തിലെ വിജയമാണ്. ഈ കുതിച്ചുചാട്ടം കൈവിടാതെ മുന്നോട്ടു പോയി പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെല്‍ട്രോണ്‍ പ്രതാപത്തിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാനും എം.ഡിയുമായ കെപിപി നമ്പ്യാരുടെ സേവനവും സ്മരിക്കേണ്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയില്‍ വലിയ തോതില്‍ സംഭാവനകളര്‍പ്പിച്ച വ്യക്തിയായിരുന്നു നമ്പ്യാര്‍. കാലത്തിനൊത്ത് സ്വീകരിക്കപ്പെടും വിധം കൂടുതല്‍ പുരോഗതിയിലേക്ക് മുന്നേറാന്‍ ഈ ആഘോഷാവസരം വേദിയാകണം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് സ്വയം നവീകരിച്ചാല്‍ മാത്രമേ മുന്നേറാന്‍ സാധിക്കയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. പുതിയ കുതിപ്പിനുള്ള സവിശേഷ സന്ദര്‍ഭമായി കെല്‍ട്രോണിന്റെ അന്‍പതാം പിറന്നാളിനെ കാണുന്നതായി അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ ഇലക്ട്രോണിക് രംഗത്തെ മാറ്റമായി നിലകൊണ്ട കെല്‍ട്രോണ്‍ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുതിയ ഉണര്‍വേകി. ഇപ്പോള്‍ പുതിയ ഊര്‍ജത്തോടെ, സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തന പാതയിലാണ്,'മന്ത്രി പറഞ്ഞു. 2024 ല്‍ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി കെല്‍ട്രോണിനെ മാറ്റുമെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ചു. ഒപ്പം 1000 കോടി നിക്ഷേപമുള്ള സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയ്ക്ക് കെല്‍ട്രോണ്‍ നേതൃത്വം വഹിക്കും.
അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുതായി എട്ട് ഉല്‍പ്പന്നങ്ങള്‍ കെല്‍ട്രോണ്‍ പുറത്തിറക്കും. ക്ലൗഡ് കമ്പ്യൂട്ടിംഗ് രംഗത്ത് ആമസോണുമായും മറ്റ് മേഖലകളില്‍ ഡി.ആര്‍.ഡി.ഒ, നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എന്നിവയുമായി ചേര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
ആമസോണ്‍ വെബ് സര്‍വീസസുമായി (എഡബ്ല്യുഎസ്) ചേര്‍ന്ന് പുറത്തിറക്കുന്ന കെല്‍ട്രോണ്‍ ഹൈബ്രിഡ് ഡാറ്റാ സെന്റര്‍, സീഡാക്കുമായി ചേര്‍ന്ന് പുറത്തിറക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് കിയോസ്‌ക്ക്, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വെഹിക്കിള്‍ പ്രസന്‍സ് ഡിറ്റക്ടര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി പുറത്തിറക്കി. ആഘോഷത്തിന് ഭാഗമായി ഓഗസ്റ്റ് 30 വരെ കെല്‍ട്രോണ്‍ ഇറക്കുന്ന ഉല്‍പ്പന്നങ്ങളുടെ ബ്രോഷര്‍ മുഖ്യമന്ത്രി വ്യവസായ മന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു.
