കോഴി വില കുതിച്ചുയര്‍ന്നു; സമരമല്ലാതെ മാര്‍ഗ്ഗമില്ലെന്ന് വ്യാപാരികള്‍
- വിപണിയില്‍ ചിക്കന്‍ വില പൊള്ളിക്കുമ്പോഴും കേരള ചിക്കന്‍ ബ്രാന്‍ഡില്‍ ചിക്കന്‍ ന്യായ വിലയിലെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് കോഴി വില കുതിച്ചുയരുന്നു. അന്യസംസ്ഥാന ലോബികളുടെ ഇടപെടലാണ് വില വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ് ചിക്കന്‍ വ്യാപാരികള്‍. രണ്ടാഴ്ച്ചക്കിടയിലാണ് കോഴിവിലയില്‍ പൊള്ളുന്ന വിലക്കയറ്റമുണ്ടായത്. ചൂട് മൂലം ഉത്പാദനം കുറഞ്ഞെന്ന കാരണമാണ് അന്യ സംസ്ഥാന വ്യാപാരികള്‍ വില ഉയര്‍ത്താന്‍ പറയുന്ന ന്യായീകരണം.
ആശ്വാസമാകാതെ കെപ്കോയും
വിപണിയില്‍ ഒരു കിലോ ചിക്കന്റെ വില 160-180 നിരക്കിലാണ്. രണ്ടാഴ്ച്ച മുന്‍പ് 115-125 രൂപയായിരുന്നു. തമിഴ്‌നാട് ലോബികളാണ് കോഴി വില നിശ്ചയിക്കുന്നത് . തിരുപ്പൂര്‍ ജില്ലയിലെ പല്ലടം ആണ് കോഴി വളര്‍ത്തലിന്റെ പ്രധാന കേന്ദ്രം. 40 ദിവസമാണ് കോഴി വളര്‍ത്താന്‍ ആവശ്യമായത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. കൂടാതെ കോഴി വളര്‍ത്തലും മന്ദഗതിയിലായി. അതിനാല്‍ സ്‌റ്റോക്കിലുണ്ടായ കുറവാണ് വില വര്‍ധനവിലേയ്ക്ക് നയിച്ചിരിക്കുന്നത്.
കേരള സ്‌റ്റേറ്റ് പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) യുടെ പട്ടികയില്‍ കോഴി വില 189 രൂപയാണ്. കെപ്‌കോയിലും കോഴി സ്‌റ്റോക്കില്ല. സാധാരണ ഗതിയില്‍ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്ത്, വാങ്ങിയവരില്‍ നിന്നും വളര്‍ച്ചയെത്തിയ കോഴികളെ തൂക്കിവാങ്ങുകയാണ് കെപ്‌കോ ചെയ്യുന്നത്. എന്നാല്‍ കുറച്ച് മാസമായി കെപ്‌കോ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടില്ല. സ്വകാര്യ ഫാമുകളില്‍ നിന്നും അധിക വില കൊടുത്താണ് കെപ്‌കോ കോഴികളെ വാങ്ങുന്നത്.
സമരം തന്നെ
ചെറുകിട കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര ഉത്പാദനം കുറഞ്ഞപ്പോള്‍ വന്‍കിട കമ്പനികള്‍ അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചുള്ള സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി അറിയിച്ചു.
സംസ്ഥാനത്ത് കോഴി വില നിയന്ത്രിക്കുന്നത് അന്യസംസ്ഥാന ലോബിയാണ്. ഉത്സവ സീസണല്ലാതിരുന്നിട്ടും വന്‍ തോതില്‍ കോഴിക്ക് വില കൂട്ടിയതോടെ കച്ചവടം പകുതിയായി കുറഞ്ഞെന്നും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പിഎസ് ഉസ്മാന്‍, ജോയിന്റ് സെക്രട്ടറി ഒഎസ്. ഷാജഹാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് പിജെ സ്റ്റീഫന്‍ എന്നിവര്‍ ആരോപിച്ചു.
കേരള ചിക്കന്‍
കേരള ബ്രാന്‍ഡിലുള്ള കേരള ചിക്കന്‍ നേട്ടത്തിലാണെന്നാണ് സര്‍ക്കാര്‍. വിപണിയില്‍ കോഴി ഇറച്ചി വില കുതിച്ചുയരുമ്പോഴും കൊള്ളവിലയീടാക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേരള ചിക്കനില്‍ ഒരു കിലോ കോഴിക്ക് 148 രൂപയും ഇറച്ചിക്ക് 227 രൂപയുമാണ്. മറ്റ് കടകളില്‍ 50 രൂപ വരെ കൂടുതല്‍ ഈടാക്കുമ്പോഴാണ് ഈ വിലക്കുറവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
