അച്ചടിമാധ്യമങ്ങള്‍ പ്രതിസന്ധിയിലോ ? നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അവസാന ലേഖകനും പടിയിറങ്ങി

  • 135 വര്‍ഷത്തെ പാരമ്പര്യമുള്ള മാസികയാണ് നാഷണല്‍ ജ്യോഗ്രഫിക്
  • 2022 അവസാനം വരെ 1.7 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു
  • അടുത്തവര്‍ഷം മുതല്‍ ഈ മാസിക ന്യൂസ് സ്റ്റാന്‍ഡുകളില്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്

Update: 2023-06-29 08:32 GMT

ശാസ്ത്രലോകത്തെ കുറിച്ചും പ്രകൃതിയെപ്പറ്റിയും ആഴത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പേരുകേട്ട മാസികയാണ് നാഷണല്‍ ജ്യോഗ്രഫിക്. ഈ മാസികയിലൂടെയാണ് ഗൗരവമുള്ള പല ശാസ്ത്രസത്യങ്ങളും ലോകം അറിഞ്ഞത്. ഇത്തരത്തില്‍ അമൂല്യങ്ങളായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ഥാപനത്തിലെ അവസാനത്തെ സ്റ്റാഫ് റൈറ്ററും (ലേഖകന്‍) ജൂണ്‍ 28-ന് പടിയിറങ്ങി. അടുത്തവര്‍ഷം മുതല്‍ ഈ മാസിക യുഎസ്സിലെ ന്യൂസ് സ്റ്റാന്‍ഡുകളില്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 135 വര്‍ഷത്തെ പാരമ്പര്യമുള്ള മാസികയാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക്. ഒരു നൂറ്റാണ്ടിലേറെയായി പ്രകൃതി ലോകത്തെ കുറിച്ചെഴുതുന്ന മാസികയുടെ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നാണ് സിഎന്‍എന്‍ എന്ന മാധ്യമത്തോട് കമ്പനി ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. പക്ഷേ, ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഡിജിറ്റല്‍ ഫോര്‍മാറ്റിനായിരിക്കുമെന്നാണു സൂചന.

ലേ ഓഫിന്റെ ഭാഗമായി സ്റ്റാഫ് റൈറ്റര്‍ ഉള്‍പ്പെടെ 19 ജീവനക്കാരെയാണ് ജൂണ്‍ 28ന് പിരിച്ചുവിട്ടത്. ഇവര്‍ക്ക് ഏപ്രിലില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രണ്ട് ലേ ഓഫുകളാണ് കമ്പനിയിലുണ്ടായത്.

ഭാവിയില്‍ മാസികയില്‍ എഡിറ്റോറിയല്‍ ജോലികള്‍ ചെയ്യുന്നത് ഫ്രീലാന്‍സ് എഴുത്തുകാരും സ്ഥാപനത്തില്‍ ഇനി അവശേഷിക്കുന്ന ഏതാനും കുറച്ച് എഡിറ്റര്‍മാരുമായിരിക്കും. വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ജ്യോഗ്രഫിക് മാസികയ്ക്ക് 2022 അവസാനം വരെയുള്ള കണക്ക്പ്രകാരം 1.7 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു.

1980-കളുടെ അവസാനത്തില്‍, മാസികയ്ക്ക് യുഎസ്സില്‍ മാത്രം 12 ദശലക്ഷം വരിക്കാരുണ്ടായിരുന്നു. ഇതിനുപുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും ലക്ഷക്കണക്കിന് പേര്‍ മാസികയുടെ വരിക്കാരായിരുന്നു.

അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ഉള്‍പ്പെടെ 33 അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും സാഹസികരാകാന്‍ ആഗ്രഹിക്കുന്നവരും ചേര്‍ന്ന് രൂപീകരിച്ച ഫൗണ്ടേഷനായ വാഷിംഗ്ടണിലെ നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയാണ് നാഷണല്‍ ജ്യോഗ്രഫിക് മാസിക ആരംഭിച്ചത്. സൊസൈറ്റിയില്‍ ചേരുന്നതിന് ഒരു സമ്മാനം എന്ന നിലയിലാണ് മാസിക ആദ്യം തയാറാക്കി പൊതുജനങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ഒരു പ്രസിദ്ധീകരണമായി വളരുകയായിരുന്നു. 1930-കളോടെ ഒരു ദശലക്ഷം വരിക്കാരിലേക്ക് എത്തിച്ചേരുന്ന നിലയിലേക്ക് ഈ മാസിക വളര്‍ന്നു.

റിപ്പോര്‍ട്ടുകള്‍ മാത്രമല്ല, നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ അച്ചടിച്ചു വന്നിരുന്ന ചിത്രങ്ങളും ജനപ്രീതി നേടുന്ന കാര്യത്തില്‍ മുന്‍നിരയിലായിരുന്നു. അഫ്ഗാന്‍ അഭയാര്‍ഥി ഷര്‍ബത്ത് ഗുലയുടെ ചിത്രം 1984ല്‍ മാസികയുടെ കവര്‍ ചിത്രമായി അച്ചടിച്ചു വന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു അഭയാര്‍ഥിയുടെ മാനസിക സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും മുഖത്ത് പ്രകടമായ ഭാവത്തിലൂടെ ഒപ്പിയെടുത്ത് പ്രസിദ്ധീകരിക്കാന്‍ ആ ചിത്രത്തിന് സാധിച്ചു.

2023-ല്‍ നിരവധി വന്‍കിട മാധ്യമങ്ങളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇറ്റാലിയന്‍ ഫാഷന്‍ മാസികയായ ഗ്രാസിയ (Grazia) അവരുടെ യുഎസ് പ്രസിദ്ധീകരണം ജൂണ്‍ 26-ന് അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പാന്തിയോണ്‍ മീഡിയയുമായുള്ള (Pantheon Media) അതിന്റെ പബ്ലിഷിംഗ് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

ജൂണ്‍ 24-ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു. ജൂണ്‍ 22-ന് ബ്ലൂംബെര്‍ഗ് അവരുടെ നാഷണല്‍ ഡെസ്‌ക്, റേഡിയോ, ടിവി എന്നീ വിഭാഗങ്ങളില്‍ നിന്നും പത്ത് ജീവനക്കാരെ പിരിച്ചുവിട്ടു.

ജൂണ്‍ 20-ന് വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി 100 ജീവനക്കാരെയാണ് ഡിസ്‌കവറി, ടര്‍ണര്‍ കേബിള്‍ നെറ്റ് വര്‍ക്ക്‌സില്‍ നിന്നും പിരിച്ചുവിട്ടത്.

സമീപകാലത്ത് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായി. അഡ്വര്‍ടൈസിംഗ് മാര്‍ക്കറ്റ് ദുര്‍ബലമായതോടെ പല മാധ്യമ സ്ഥാപനങ്ങളും ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. ഇതാണ് ജീവനക്കാരുടെ പിരിച്ചുവിടലിലേക്ക് നയിച്ചത്. ഇപ്പോള്‍ നാഷണല്‍ ജ്യോഗ്രഫിക് സ്ഥാപനത്തിലെ പിരിച്ചുവിടല്‍ നടപടി കമ്പനിയുടെ കണ്ടന്റ്, അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ്, ടെക്‌നോളജി ടീമുകളിലുടനീളമുള്ള 180 ജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നവംബറിലെ ഒരു അഭിമുഖത്തില്‍ ആക്സിയോസ് ന്യൂസിനോട് നാഷണല്‍ ജിയോഗ്രഫിക്കിന്റെ പുതിയ എഡിറ്റര്‍-ഇന്‍-ചീഫ് നഥാന്‍ ലംപ് പറഞ്ഞത് ബ്രാന്‍ഡിനെ നവീകരിക്കേണ്ടതിനാല്‍ വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പദ്ധതിയിടുന്നു എന്നാണ്.

ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍ എന്നിവ വഴി കൂടുതല്‍ ഹ്രസ്വ ഫോര്‍മാറ്റിലുള്ള വീഡിയോ ഉള്‍പ്പെടുത്തി കമ്പനി ഡിജിറ്റല്‍ രംഗത്തേയ്ക്കു വിപുലീകരിക്കാന്‍ ശ്രമിക്കുമെന്നും ലംപ് പറഞ്ഞു.

സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നതിന് വീഡിയോ കാരണമാകുന്നുവെന്ന് നമ്മള്‍ക്കറിയാം. വീഡിയോയിലൂടെയാണ് യൂസര്‍ എന്‍ഗേജ്‌മെന്റ് ഉണ്ടാകുന്നത്. വളര്‍ച്ച സംഭവിക്കുന്നതും അങ്ങനെയാണ്. അതിനാല്‍ വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ലംപ് പറഞ്ഞു.

Tags:    

Similar News