തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം നമ്പര്‍ വണ്‍

  • മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് എംബി രാജേഷ്

Update: 2023-07-07 06:45 GMT

തൊഴിലുറപ്പ് പദ്ധതിയില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ കേരളം. തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്തിരിക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26 ആണ്.

തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്ക് തൊഴില്‍ അനുവദിക്കാന്‍ സാധിക്കുകയും അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് 867.44 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ആകെ സൃഷ്ടിക്കാന്‍ സാധിച്ച തൊഴില്‍ ദിനങ്ങളുടെ 89.82 ശതമാനമാണത്.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെട്ട കാലഘട്ടമായിരുന്നു കോവിഡ് മഹാമാരിയുടെ കാലമെന്ന് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. നഗര പ്രദേശങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്രയമാവുക വഴി കൂട്ട പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ആകെ തൊഴിലിനുവരുന്ന കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുന്നതിലും, ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളെ മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News